ഉക്രൈന്‍ വിമാനം തകര്‍ന്നത് ഇറാന്‍ മിസൈല്‍ പതിച്ചെന്ന് കാനഡയും ബ്രിട്ടനും
ഒട്ടാവ: ഉക്രൈന്‍ യാത്രാവിമാനം തെഹ്‌റാനില്‍ തകര്‍ന്നുവീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ അത് മനഃപൂര്‍വമല്ലായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാനഡയുടെയും മറ്റും രഹസ്യാന്വേഷണ വിവരങ്ങള്‍ ഈ കാരണത്തെ പിന്തുണയ്ക്കുന്നു. ഭൂതല-വായു മിസൈലാണ് വിമാനത്തെ തകര്‍ത്തതെന്നും അദ്ദേഹം ഒട്ടാവയില്‍ പറഞ്ഞു.
വിമാനം ഇറാന്റെ ഭൂതല-വായു മിസൈല്‍ വീഴ്ത്തിയതാണെന്ന് വിവരമുണ്ടെന്നും അത് ബോധപൂര്‍വമാകണമെന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പറഞ്ഞു. വിമാനം തകര്‍ന്നത് ഇറാന്റെ വിമാനവേധ മിസൈലേറ്റാവാന്‍ സാധ്യത കൂടുതലാണെന്ന് യു.എസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. വിമാനം മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാവാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് 176 യാത്രക്കാരുമായി ഇറാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിവിലേക്കു പോകുന്ന പി.എസ് 752 വിമാനം പറന്നുയര്‍ന്ന് ഒന്നര മിനുട്ടിനകം തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരില്‍ 63 പേര്‍ കാനഡക്കാരായിരുന്നു. ഒരു ബ്രിട്ടീഷുകാരനും 88 ഇറാനികളും വിമാനത്തിലുണ്ടായിരുന്നു.
വിമാനം തകരുന്നതിനു മുന്‍പേ തീപിടിച്ചിരുന്നെന്നും തിരിച്ചിറക്കാന്‍ പൈലറ്റ് ശ്രമിച്ചെന്നും എന്നാല്‍ സഹായത്തിനായി വിളിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഇറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് സേന വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു വിമാനാപകടം.
അതേസമയം, പൈലറ്റ് മഹ്‌റബാദ് വിമാനത്താവളവുമായി ആശയവിനിമയം നടത്തിയതായി ഇറാന്‍ വ്യോമയാന വിഭാഗം സമ്മതിച്ചു. ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ കാനഡ, യു.എസ്, ഉക്രൈന്‍ എന്നിവയുടെ സഹായം തേടുമെന്ന് ഇറാന്‍ അറിയിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
അതിനിടെ കൂടുതല്‍ വിശ്വസനീയമായ അന്വേഷണം ആവശ്യമാണെന്നും അപകടം നടന്ന സ്ഥലത്തേക്ക് കാനഡ-അന്താരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. എന്നാല്‍ ഉക്രൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇറാന്‍ പ്രവേശനാനുമതി നല്‍കിയിട്ടുള്ളൂ. അവര്‍ വ്യാഴാഴ്ച ഇറാനിലെത്തിയിട്ടുണ്ട്.
കാനഡക്ക് ഇറാനുമായി നയതന്ത്രബന്ധമില്ല. 2012ല്‍ കാനഡ ഇറാനിലെ എംബസി അടയ്ക്കുകയും ഇറാന്‍ സ്ഥാനപതിയെ കാനഡയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം ഉക്രൈനുമായി കാനഡക്ക് മികച്ച ബന്ധമാണുള്ളത്. വിമാനത്തിലെ രണ്ട് ബ്ലാക് ബോക്‌സുകളും പരിശോധനയ്ക്കായി കാനഡയിലേക്ക് അയക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഉക്രൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവ പരിശോധിക്കാമെന്നാണ് ഇറാന്റെ പ്രതികരണം. ബ്ലാക് ബോക്‌സുകള്‍ കണ്ടെത്തിയത് ഇറാന്‍ ടി.വി സംപ്രേഷണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."