സംസ്ഥാനത്ത് കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന സ്വകാര്യമേഖലയിലേതുള്‍പ്പടെയുള്ള എല്ലാ ആശുപത്രികളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. കാന്‍സറിനെ ചെറുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ബോര്‍ഡും രൂപീകരിക്കുന്നത്.
കാന്‍സര്‍ സംബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നയങ്ങളും ഈ ബോര്‍ഡായിരിക്കും അന്തിമമായി തീരുമാനിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അന്തിമാനുമതിയും ബോര്‍ഡായിരിക്കും നല്‍കുന്നത്. ബോര്‍ഡിന് സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയുമുണ്ടാകും. ആരോഗ്യമന്ത്രി അധ്യക്ഷനാകുന്ന സമിതിയില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡയരക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ കാന്‍സര്‍ വിദഗ്ധന്‍ എന്നിവരുണ്ടാകും. സംസ്ഥാനതല സമിതിയുടെ കീഴില്‍ കാന്‍സര്‍ പ്രതിരോധം, ചികിത്സ, മരുന്നുകള്‍ വാങ്ങുക, ഉപകരണങ്ങള്‍ വാങ്ങുക എന്നിവയ്ക്കായി സബ് കമ്മിറ്റികളും ഉണ്ടായിരിക്കും. ഇതിന്റെ അനുബന്ധമായാണ് ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ജില്ലകള്‍ക്ക് ഒരു റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ്, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെയാണ് ജില്ലാ കമ്മിറ്റിയുടെ ഘടന. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കായിരിക്കും ജില്ലാതല കമ്മിറ്റിയുടെ മേല്‍നോട്ടം. ഈ കമ്മിറ്റിയായിരിക്കും ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും സംസ്ഥാന സമിതിയിലേക്ക് കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."