വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍: അതി ഗംഭീരം എ.എഫ്.സി
കല്‍പ്പറ്റ: വയനാട് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സാസ്ക് സുഗന്ദഗിരിയെ എ.എഫ്.സി അമ്പലവയല്‍ പരാജയപ്പെടുത്തി. അക്ഷരാര്‍ഥത്തില്‍ എ.എഫ്.സിയുടെ ഏകാധിപത്യമായിരുന്നു ഗ്രൗണ്ടില്‍. 15-ാം മിനിറ്റില്‍ ഫോര്‍ച്യൂണിലൂടെ എ.എഫ്.സി മുന്നിലെത്തി. തുടര്‍ന്ന് ഇരു ടീമുകളും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
രണ്ടാം പകുതിയില്‍ സാസ്ക് ഉണര്‍ന്നുകളിച്ചെങ്കിലും മുന്നേറ്റ താരങ്ങളുടെ ബൂട്ടില്‍നിന്ന് ഗോളുകളൊന്നും പിറന്നില്ല. എന്നാല്‍ മറുഭാഗത്ത് എ.എഫ്.സിയുടെ താരങ്ങള്‍ നിരന്തരം സാസ്കിന്റെ ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഗ്രൗണ്ടിന്റെ മധ്യവരയില്‍ നിന്ന് ഒറ്റയാള്‍ കുതിപ്പ് നടത്തിയ എ.എഫ്.സിയുടെ ഫ്രാങ്ക് ബോക്സിലേക്ക് നല്കിയ ക്രോസ് മനോഹരമായ ഫിനിഷിങ്ങിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഫോര്‍ച്യൂണ്‍ എ.എഫ്.സിയുടെ ലീഡ് 32-ാം മിനിറ്റില്‍ രണ്ടാക്കി ഉയര്‍ത്തി.
41-ാം മിനിറ്റില്‍ പന്ത് സാസ്കിന്റെ പോസ്റ്റിലേക്ക് ഉയര്‍ന്നുവന്നതിനിടെ ഉണ്ടായ പിഴവില്‍നിന്നു മൂന്നാം ഗോളും എ.എഫ്.സിയുടെ അക്കൗണ്ടിലെത്തി. സാസ്ക് പ്രതിരോധനിര താരം ഫാറൂഖിന്റെ ഹെഡ് സ്വന്തം പോസ്റ്റില്‍ പതിക്കുകയായിരുന്നു. 44-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിലൂടെ സാസ്കിന്റെ പോസ്റ്റിലേക്ക് കുതിച്ച ഫോര്‍ച്യൂണിനെ പ്രതിരോധതാരം ഫൗള്‍ ചെയ്തതിന് സാസ്ക് പെനാല്‍റ്റിയും വഴങ്ങി. ഇതും ഗോളാക്കി മാറ്റിയ ഫ്രാങ്ക് എ.എഫ്.സിയുടെ ലീഡ് നാലാക്കി ഉയര്‍ത്തി. കളിയുടെ അവസാന നിമിഷത്തില്‍ കോര്‍ണര്‍ പൊസിഷനില്‍നിന്ന് അതിമനോഹരമായ ഒരു വോളിയിലൂടെ ഗോള്‍ നേടി ഷിനോ എ.എഫ്.സിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ 5-0ന് എ.എഫ്.സി മികച്ച വിജയം നേടിയെടുത്തു.
രണ്ടാം മത്സരത്തില്‍ വയനാട് എഫ്.സി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്‍സൈറ്റ് പനമരത്തെ തോല്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."