കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് കായകല്‍പം പുരസ്‌കാരം
കാഞ്ഞങ്ങാട് : സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്കു നല്‍കുന്ന അരക്കോടി രൂപയുടെ കായകല്‍പം പുരസ്‌കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. വന്‍കിട ആശുപത്രികള്‍ക്ക് ഗ്രാമീണ ആരോഗ്യ മിഷന്‍ സംസ്ഥാന തലത്തില്‍ നല്‍കുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന മലബാര്‍മേഖലയിലെ ആദ്യത്തെ ആശുപത്രിയാണ് കാഞ്ഞങ്ങാട്. സ്റ്റേറ്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള പരിശോധനാ സംഘം ആശുപത്രിയുടെ വൃത്തി, പരിസര ശുചിത്വം, ഭൗതികസാഹചര്യങ്ങള്‍, രോഗി ബോധവല്‍ക്കരണം അണുബാധ നിയന്ത്രണം, മാലിന്യസംസ്‌കരണം മുതലായ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് അവാര്‍ഡ് നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സിസേറിയന്‍ നിരക്കുള്ള ആശുപത്രികളില്‍ ഒന്നുകൂടിയാണിത്. ഈവര്‍ഷം ഡെങ്കിപ്പനി നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകം അഭിനന്ദനവും ആശുപത്രി പിടിച്ചുപറ്റിയിരുന്നു.
ആധുനിക രീതിയിലുള്ള വിശാലമായ കാഷ്വാലിറ്റി കം ട്രോമാകെയര്‍ യൂനിറ്റ്, 24 മണിക്കൂര്‍ ബ്ലഡ് സെപ്പറേഷന്‍ യൂനിറ്റോടുകൂടിയ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, നാഷണല്‍ അക്രഡിറ്റേഷനുള്ള 24 മണിക്കൂര്‍ ലാബ്, മോഡേണ്‍ ഫാര്‍മസി, അത്യാധുനിക പ്രസവമുറി, രണ്ടു നിലകളിലായുള്ള ഓപറേഷന്‍ തിയറ്റര്‍, സിടി സ്‌കാന്‍, മാമോഗ്രാം, കീമോതെറാപ്പി-കാന്‍സര്‍ വാര്‍ഡ് തുടങ്ങി ആശുപത്രിയിലെ സൗകര്യങ്ങളുടെ നിര കൂടി വരികയാണ്.
പണി പൂര്‍ത്തിയാകുന്ന ആര്‍ദ്രം ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതോടുകൂടി സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം ഒ.പി കളും തുടങ്ങും. ഹൃദ്രോഗികള്‍ക്കുള്ള കാത്ത് ലാബ് നിര്‍മാണത്തിനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം കായകല്‍പത്തില്‍ രണ്ടാംസ്ഥാനവും ആരോഗ്യകേരളം അവാര്‍ഡും ആശുപത്രിക്ക് ലഭിച്ചിരുന്നു.
ജില്ലയിലെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുളള കായകല്‍പം പുരസ്‌കാരം വലിയപറമ്പ പടന്നക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും കയ്യൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ്.
തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പ്രശംസാപത്രം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."