കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഇടിവ്; ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തി
തൊടുപുഴ: കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പാദനം ഉയര്‍ത്തി. കടുത്ത പ്രതിസന്ധിക്കിടയില്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തേണ്ടി വന്നത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. ദിവസങ്ങളായി 6-8 ദശലക്ഷം യൂനിറ്റില്‍ നിജപ്പെടുത്തിയിരുന്ന ഉല്‍പാദനമാണ് ഇന്നലെ 10.53 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയത്.
കരുതല്‍ സംഭരണിയായ ഇടുക്കിയിലാണ് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്, 4.25 ദശലക്ഷം യൂനിറ്റ്. സംസ്ഥാനത്തേക്ക് പുറമെ നിന്നും വൈദ്യുതി എത്തിക്കുന്ന ഗ്രിഡില്‍ തകരാറുണ്ടായതാണ് പ്രശ്‌നമായത്. 60 ദശലക്ഷം യൂനിറ്റ് വരെ കൊണ്ടുവരാനുള്ള ശേഷിയുണ്ടെങ്കിലും 55.97 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇന്നലെ എത്തിക്കാന്‍ കഴിഞ്ഞത്. തകരാര്‍ ഉടന്‍ പരിഹരിച്ച് ഗ്രിഡ് ശേഷിയുടെ പരമാവധി വൈദ്യുതി പുറമെ നിന്നും എത്തിക്കുമെന്ന് കളമശേരി ലോഡ് ഡെസ്പാച്ച് ചീഫ് എഞ്ചിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു. 66.843 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
മലപ്പുറം ജില്ലയിലെ അരീക്കോട്ട് സ്ഥാപിക്കുന്ന പുതിയ ട്രാന്‍സ്‌ഫോര്‍മറിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ചീഫ് എഞ്ചിനീയര്‍ ഷാജി കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ക്ക് വേഗം കൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാര്‍ച്ച് ആറോട് കൂടി കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രതീക്ഷ. ഇത് കമ്മിഷന്‍ ചെയ്താല്‍ രണ്ട് ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടി പുറമെ നിന്നും എത്തിക്കാനുള്ള ശേഷിയാകും. മാടക്കത്തറ-പാലക്കാട്-അരീക്കോട് 400 കെ.വി സബ് സ്‌റ്റേഷന്‍ വഴിയാണ് ഇപ്പോള്‍ കൂടുതല്‍ വൈദ്യുതി എത്തിക്കുന്നത്.
അതേസമയം വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. 1654.68 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 603.22 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2333.9 അടിയാണ്. ഇത് സംഭരണശേഷിയുടെ 32.7 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെ- ഇടമലയാര്‍ 47, പമ്പ 46%, ഷോളയാര്‍ 58, മാട്ടുപ്പെട്ടി 60, പൊന്മുടി 18, നേര്യമംഗലം 56, ലോവര്‍പെരിയാര്‍ 64, കുറ്റ്യാടി 30, കുണ്ടള 68, ആനയിറങ്കല്‍ 34.
ശബരിഗിരി 1.517 ദശലക്ഷം യൂനിറ്റ് , ഇടമലയാര്‍ 0.9292, ഷോളയാര്‍ 0.6114, പള്ളിവാസല്‍ 0.139, കുറ്റ്യാടി 1.706, പന്നിയാര്‍ 0.0427, നേര്യമംഗലം 0.077, ലോവര്‍പെരിയാര്‍ 0.216, പൊരിങ്ങല്‍കുത്ത് 0.3708, ചെങ്കുളം 0.0484, കക്കാട് 0.308, കല്ലട 0.158, മലങ്കര 0.0372 എന്നിങ്ങനെയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."