പനാമ രേഖകളിലെ ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: പനാമ കള്ളപ്പണ ഇടപാടുസംബന്ധിച്ച് പുറത്തുവന്ന രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഇന്ത്യക്കാരെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പനാമയിലെ നിയമ സ്ഥാപനമായ മൊസാക് ഫൊനെസ്കോയുടെ രേഖകള്‍ ചോര്‍ത്തി ഒരു ജര്‍മന്‍ പത്രം പുറത്തുവിട്ട 'പനാമ പേപ്പേഴ്സി'ല്‍ പേരുള്ള നികുതി വെട്ടിച്ച 137 ഇന്ത്യക്കാരെ കുറിച്ചാണ് അന്വേഷിക്കുന്നത്. ആദായ നികുതി വകുപ്പ് അന്വേഷണ വിഭാഗം നല്കിയ പട്ടികയിലെ 192ല്‍ 137 പേര് നികുതി വെട്ടിച്ചിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം.
പനാമ രേഖയില്‍ പേരുള്ള നികുതി വെട്ടിപ്പുകാരുടെ പട്ടിക ലഭിച്ചയുടനെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ മേഖലാ ഓഫിസുകള്‍ക്ക് അന്വേഷിക്കാനും ഫെമ നിയമപ്രകാരം ദൂതന്മാരെ അയക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ മൊസാക് ഫോനെസ്കയുടെ രേഖകള്‍ അജ്ഞാത സ്രോതസ് വഴി ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് ചോര്‍ത്തി രാജ്യാന്തരതലത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ വഴി പങ്കുവയ്ക്കുകയായിരുന്നു.
അമിതാഭ് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തുബന്ധമുള്ള വ്യവസായി ഗൗതം അദാനിയുടെ സഹോദരന് വിനോദ് അദാനി അടക്കം 415 പേരുടെ പട്ടിക കഴിഞ്ഞവര്‍ഷം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."