നറുക്കെടുപ്പില്ല; 16 കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് അവസരം
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ കുറഞ്ഞതോടെ ഈ വര്‍ഷം നറുക്കെടുപ്പില്ലാതെ അപേക്ഷിച്ചവര്‍ക്ക് നേരിട്ട് അവസരം ലഭിക്കും. ഇന്ത്യയില്‍ ഈ വര്‍ഷം ഹജ്ജ് ക്വാട്ട അനുവദിച്ച 12 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലും അപേക്ഷകര്‍ കുറഞ്ഞതിനാലാണ് നേരിട്ട് ഹജ്ജിനുള്ള അവസരം ലഭിക്കുന്നത്.
25 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 31 ഹജ്ജ് കമ്മിറ്റികള്‍ക്കാണ് കേന്ദ്രം ഈ വര്‍ഷം (1,25,025) ഹജ്ജ് ക്വാട്ട അനുവദിച്ചത്. നറുക്കെടുപ്പിനുള്ള 16 കേന്ദ്രങ്ങള്‍ ഒഴിവായതോടെ ശേഷിക്കുന്ന 15 കേന്ദ്രങ്ങളില്‍ പത്ത് ദിവസത്തിനകം ഹജ്ജ് നറുക്കെടുപ്പ് നടക്കും.
കേരളം,ഛത്തിസ്ഗഡ്,ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, ജമ്മുകശ്മിര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിസ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ 15 കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പുണ്ടാവുക. ഹജ്ജ് അപേക്ഷകര്‍ കുറഞ്ഞതിനാല്‍ 10 സംസ്ഥാനങ്ങളിലായി 23,084 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ സീറ്റുകള്‍ കൂടുതല്‍ അപേക്ഷകളുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും.
പശ്ചിമ ബംഗാളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. 17,735 ഹജ്ജ് ക്വാട്ട ലഭിച്ച ബംഗാളില്‍ 8, 470 ഹജ്ജ് അപേക്ഷകരാണ് ആകെയുളളത്. 9,265 സീറ്റുകളിലാണ് അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. ബിഹാറില്‍ 7,680 സീറ്റുകളും അസമില്‍ 4,260 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ആന്ധ്രാപ്രദേശ് 464, ജാര്‍ഖണ്ഡ് 1215, ത്രിപുര 117,പഞ്ചാബ് 43,ഹിമാചല്‍ പ്രദേശ് 36 എന്നീ സീറ്റുകളിലേക്കും അപേക്ഷകരില്ല.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 2,67,261 അപേക്ഷകളാണ് 31 ഹജ്ജ് കമ്മിറ്റികള്‍ക്കായി ലഭിച്ചത്. ഇന്ത്യയില്‍ 1,25,025 ആണ് ഹജ്ജ് ക്വാട്ട. അനുവദിച്ച സീറ്റുകള്‍ അഞ്ചായി തരംതിരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചത്. ഗവണ്‍മെന്റ് ക്വാട്ടയായി 500 സീറ്റുകളും, ഹജ്ജ് വളണ്ടിയര്‍മാരായി 625 സീറ്റുകളും ഉള്‍പ്പെടെ 1,125 സീറ്റുകള്‍ മാറ്റിവച്ചു. ശേഷിക്കുന്ന 1,23,900 സീറ്റില്‍ ജമ്മുകശ്മിരിന് 2,000 സീറ്റുകള്‍ അധികം നല്‍കി.
ഹജ്ജിന് അവസരം ലഭിച്ചവര്‍ തന്നെ യാത്ര റദ്ദാക്കുകയാണെങ്കില്‍ കാത്തിരിപ്പ് പട്ടികയില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ അവസരം നല്‍കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പ് ഈമാസം 12ന് ഉച്ചക്ക് രണ്ടിന് മന്ത്രി ഡോ. കെ. ടി ജലീല്‍ നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."