വിശ്വാസത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും മല ചവിട്ടാം
കൊല്ലം: ശബരിമല വിധിയില്‍ മുന്‍നിലപാട് തിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സോപാനം ഓഡിറ്റോറിയത്തില്‍ യുവജന കമ്മിഷന്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ ദര്‍ശനം നടത്തിയവര്‍ അത്തരത്തിലുള്ളവരല്ല. അവര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്നതിന് തടസമില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി പറഞ്ഞു. ഈയിടെ ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. സ്ത്രീകള്‍ കയറുന്നതില്‍ യഥാര്‍ഥ ഭക്തര്‍ക്ക് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."