മെഡിക്കല്‍ കോളജ് ഫാര്‍മസി ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇനി മുതല്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും ലഭ്യമാകുന്നു. ആശുപത്രി വണ്ടാനത്ത് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നതാണ്.നിലവില്‍ രാവിലെയാരംഭിക്കുന്ന ഫാര്‍മസിയുടെ പ്രവര്‍ത്തനം വൈകിട്ട് അഞ്ചിന് അവസാനിക്കും.
ഇത് ആശുപത്രിയിലെത്തുന്ന നിരവധി രോഗികള്‍ക്കാണ് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷം മരുന്ന് ലഭ്യമാകണമെങ്കില്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസി പ്രവര്‍ത്തിപ്പിച്ച് രോഗികളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചില സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കിയിരുന്നു.ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. 28 ഫാര്‍മസിസ്റ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുമ്പോള്‍ സഹകരിക്കാമെന്ന് ഫാര്‍മസിസ്റ്റുകള്‍ ഉറപ്പു നല്‍കിയിട്ടുള്ളതായി സൂപ്രണ്ട് ഡോ.ആര്‍. വി. രാംലാല്‍ പറഞ്ഞു.
തുടക്കത്തില്‍ കാര്‍ഡിയോളജി ഒ.പി കൗണ്ടറിനു മുന്നില്‍ രാത്രി കാലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കും.നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പതിവുപോലെ തന്നെ പ്രവര്‍ത്തിക്കും.
രാത്രികാലങ്ങളില്‍ രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനം കിട്ടുന്ന രീതിയിലായിരിക്കും ഇവിടെ ഫാര്‍മസി ആരംഭിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
ഇന്ന് രാവിലെ 1130ന് സി ബ്ലോക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എന്‍ ശ്രീദേവി ഉദ്ഘാടനം നിര്‍വഹിക്കും.ഹൃദ്രോഗ വിഭാഗം മേധാവി ഡോ.കെ ശിവപ്രസാദ് ഭദ്രദീപപ്രകാശന കര്‍മം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."