ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം: ആദ്യ അറസ്റ്റുകള്‍ രേഖപ്പെടുത്തിയെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഉക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസൈലേറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇറാന്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
' സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്'- ഇറാന്റെ ജുഡീഷ്യറി വക്താവ് ഘോലംഹുസൈന്‍ ഇസ്മയിലി പറഞ്ഞു. എത്രപേരെ അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.
വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം നല്‍കിയ വിശദീകരണം. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇറാന്‍ കുറ്റസമ്മതം നടത്തി. വിമാനം വെടിവച്ചിട്ടത് അബദ്ധത്തിലാണെന്ന് ഇറാന്‍ സമ്മതിക്കുകയായിരുന്നു.
ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കാനഡയും ബ്രിട്ടനും യു.എസും നേരത്തെ പറഞ്ഞിരുന്നു.
തെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിവിലേക്കു പോകാനായി പറന്നുയര്‍ന്ന ഉക്രൈന്‍ എയര്‍ലൈന്‍സ് വിമാനം പി.എസ് 752 മിനുട്ടുകള്‍ക്കകം തകര്‍ന്നുവീണത്. അപകടത്തില്‍ വിദേശികളുള്‍പ്പെടെ 176 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അതില്‍ 63 പേര്‍ കാനഡക്കാരും 78 പേര്‍ ഇറാന്‍ പൗരന്മാരുമായിരുന്നു. 11 ഉക്രൈന്‍കാരും നാല് ബ്രിട്ടീഷുകാരും മൂന്ന് ജര്‍മന്‍കാരും മരിച്ചവരില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."