വേഴാമ്പലുകളെ മാടി വിളിക്കുകയാണ് ഈ കാറ്റാടി മരങ്ങള്‍
നെയ്യാര്‍: ഇവിടെ കാറ്റാടി മരങ്ങള്‍ വേഴാമ്പലുകളുടെ കൂടാരമാണ്. നെയ്യാര്‍ഡാമിലെ അക്വോറിയത്തിന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന മരത്തില്‍ കൂടുകൂട്ടിയ വേഴാമ്പലുകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായി മാറുകയാണ്. കാറ്റാടി മരത്തില്‍ അടുത്തിടെയാണ് വേഴാമ്പലുകള്‍ കൂടു കൂട്ടിത്തുടങ്ങിയത്. എപ്പോഴും ജലസാന്നിധ്യവും ഇഷ്ടപ്പെട്ട ആഹാരവും കിട്ടുന്ന ഇവിടെ അവറ്റകള്‍ താവളമാക്കിയതും അതിനാലാണ്. തൊട്ടുടത്ത് ഡാമും അതിനടുത്തായി കാടും. ഡാമില്‍ നിന്നും മീനുംകിട്ടും. വെള്ളവും യഥേഷ്ടം. ഇതാണ് വേഴാമ്പലുകളെ കാടിറങ്ങി വരാന്‍ പ്രേരിപ്പിക്കന്നത്.
വേഴാമ്പലുകള്‍ മൂന്നിനമാണ്. കോഴി വേഴാമ്പല്‍, പൊന്തന്‍ വേഴാമ്പല്‍ പിന്നെ മലമുഴക്കി വേഴാമ്പലുകളും. ഇവ മൂന്നും ഇവിടെ കൂടൊരുക്കിയിട്ടുണ്ട്. കാറ്റാടിമരത്തില്‍ വേഴാമ്പലുകള്‍ വന്നണഞ്ഞത് ആദ്യം കാണുന്നത് അടുത്ത് മുറുക്കാന്‍ കട നടത്തുന്ന പ്രഭാകരന്‍ നായരാണ്. പക്ഷികളോട് അതിയായ താല്‍പ്പര്യമുള്ള അദ്ധേഹം പിന്നെ അത് ശ്രദ്ധിച്ചു തുടങ്ങി. ഇപ്പോള്‍ 10 ഓളം വേഴാമ്പലുകള്‍ ഇവിടെയുള്ളതായി അദ്ധേഹം പറഞ്ഞു. കൗതുകം തോന്നിയ പ്രഭാകരന്‍ നായര്‍ പിന്നെ വേഴാമ്പലുകള്‍ക്ക് ചെറിയ കൈ തീറ്റ കൊടുത്തു തുടങ്ങി. എന്നാല്‍ ആരും ഇല്ലാത്ത നേരത്ത് മാത്രമേ വേഴാമ്പലുകള്‍ വന്നു കഴിക്കുള്ളൂ.
വേഴാമ്പലുകള്‍ വന്നതോടെ മറ്റ് പക്ഷികളും ഇവിടെ എത്തിത്തുടങ്ങി. മരംകൊത്തി, പച്ച എരണ്ട, നീല തത്ത, ഇലക്കിളി തുടങ്ങി വിവിധയിനം പക്ഷികള്‍ ഇവിടെ വീടൊരുക്കിക്കഴിഞ്ഞു. അങ്ങിനെ നിശബ്ദനായി നിന്ന കാറ്റാടി മരത്തില്‍ ഇപ്പോള്‍ പക്ഷികളുടെ ആരവമാണ്. അടുത്തിടെ നടന്ന പക്ഷി സര്‍വേയില്‍ നിരവധി ഇനം പക്ഷികളെ നെയ്യാര്‍ വനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. സംസ്ഥാന പക്ഷിയായ വേഴാമ്പല്‍ ഉള്‍പ്പടെ 184 പക്ഷികളെയാണ് കണ്ടെത്തിയത്. അതില്‍ പശ്ചിമഘട്ടത്തില്‍ കാണുന്ന 14 ഇനവും വംശനാശഭീഷണി നേരിടുന്ന 8 ഇനത്തെയും സര്‍വേ കണ്ടെത്തിയിരുന്നു. മാത്രമല്ല ഡാം പരിസരം പക്ഷികളുടെ ആവാസ ഭൂമിയാക്കാന്‍ സാധ്യതയുള്ളതായും സര്‍വേ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു പക്ഷി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. അതിനായി ഫയലും നീങ്ങിത്തുടങ്ങി. എന്നാല്‍ നടപടികള്‍ എവിടെയും എത്തിയില്ല. തട്ടേക്കാട് മാത്യകയില്‍ ചിട്ടപ്പെടുത്തിയ പദ്ധതി ഇപ്പോള്‍ വനം വകുപ്പിന്റെ ചവറ്റുകുട്ടയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."