പിണക്കം മറന്ന് പിണറായി എത്തി; പ്രേമചന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിന്
കൊല്ലം: ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുഖ്യമന്ത്രി എയ്തുവിട്ട 'പരനാറി' പ്രയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും ഒടുവില്‍ കൊല്ലം എം.പിയും സി.പി.എമ്മിന്റെ കണ്ണിലെ കരടുമായ എന്‍.കെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി.
കൊല്ലം ലാലാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ രാവിലെയായിരുന്നു പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തികിന്റെ വിവാഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മന്ത്രിമാര്‍,രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. വിവാഹം കഴിഞ്ഞശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിവാഹ വേദിയിലെത്തിയത്. വധൂവരന്‍മാര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം പ്രേമചന്ദ്രന്‍, ഭാര്യ ഗീത, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരോടൊപ്പം മുഖ്യമന്ത്രി ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രേമചന്ദ്രനുമായി കുശലം പറയാനും അദ്ദേഹം സമയം കണ്ടെത്തി.
ഇടതുമുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായിരുന്ന ആര്‍.എസ്.പി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ യു.ഡി.എഫിലെത്തിയത് ഇടതുകേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു.
കൊല്ലത്തെ സിറ്റിങ് എം.പിയായിരുന്ന എന്‍. പീതാംബരക്കുറിപ്പിന് സീറ്റ് നിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രേമചന്ദ്രനെ കൊല്ലം സീറ്റ് നല്‍കിയത്. കൊല്ലത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലായിരുന്നു പ്രേമചന്ദ്രനെതിരേ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പരനാറി പ്രയോഗം നടത്തിയത്. ഇതുണ്ടാക്കിയ രാഷ്ട്രീയ കോളിളക്കം സി.പി.എമ്മിനുള്ളിലും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. പരാമര്‍ശം പ്രേമചന്ദ്രന്റെ വിജയത്തിന് പ്രധാനകാരണമായെന്ന് അന്ന് സി.പി.എമ്മിലും സംസാരമുണ്ടായിരുന്നു. അന്നുതൊട്ട് സി.പി.എമ്മും പ്രേമചന്ദ്രനും നേരിട്ടുള്ള പോരിലായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പരനാറി പ്രയോഗം മുഖ്യമന്ത്രി ആവര്‍ത്തിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ആളിക്കത്തിക്കാനും കാരണമായതോടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."