കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
കൊച്ചി: കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മാണിയിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മൂര്‍ഛിക്കവേ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുടക്കുണ്ടായാല്‍ പൊതുസ്വതന്ത്രനെ രംഗത്തിറക്കാനും നീക്കമുണ്ട്.
സീറ്റ് ഏറ്റെടുത്താല്‍ ജില്ലയിലെ പ്രമുഖ നേതാവും കെ.പി.സി.സി ട്രഷററുമായ ജോണ്‍സണ്‍ ഏബ്രഹാമിനാണ് സാധ്യത കല്‍പിക്കുന്നത്. അതല്ല, ചെറുപ്പക്കാരെ രംഗത്തിറക്കണമെന്ന വാദമുണ്ടായാല്‍ നിലവില്‍ മാവേലിക്കര ലോക്‌സഭ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സജി ജോസഫിനാവും നറുക്കുവീഴുകയെന്നാണ് അറിയുന്നത്.
പാലായില്‍ മുഖത്തേറ്റ അടിക്ക് കോണ്‍ഗ്രസിന് പരിഹാരം കാണേണ്ടതുണ്ട്. എല്‍.ഡി.എഫില്‍ നിന്ന് കുട്ടനാട് സീറ്റ് പിടിച്ചെടുക്കുന്നതില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനേ കഴിയില്ല. നിലവിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് നട്ടെല്ലുയര്‍ത്തി നില്‍ക്കേണ്ടത് ആവശ്യമാണ്. ന്യൂനപക്ഷങ്ങള്‍ തങ്ങളെ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിന് അവഗണിക്കാനുമാവില്ല. പാലായിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വിക്ക് കുട്ടനാട്ടില്‍ പകരം വീട്ടാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കുട്ടനാട്ടില്‍ ശക്തനായിരുന്ന തോമസ് ചാണ്ടി ഇല്ലാതിരിക്കേ ജയം സാധ്യമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്‍.സി.പി, എല്‍.ഡി.എഫ് വോട്ടിനേക്കാളുപരി വ്യക്തിഗത വോട്ടുകളാണ് തോമസ്ചാണ്ടിക്ക് തുണയായത്.
മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ ജയിക്കാമായിരുന്നെങ്കിലും ജോസ്, ജോസഫ് വിഭാഗങ്ങളുടെ തമ്മിലടി സീറ്റ് നഷ്ടപ്പെടുത്തിയെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ഇരുഗ്രൂപ്പുകളുടെയും താളത്തിനു തുള്ളാന്‍ നിന്നുകൊടുത്തതാണ് അതിനു കാരണമെന്ന് യു.ഡി.എഫില്‍ വിലയിരുത്തലുണ്ടായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഇക്കാര്യം തുറന്നു സമ്മതിച്ചതുമാണ്.
കേരളകോണ്‍ഗ്രസിലെയോ കോണ്‍ഗ്രസിലെയോ നേതാക്കളുടെ ഭാഗത്തുനിന്ന് അരുതാത്ത എന്തെങ്കിലും പ്രസ്താവന ഉണ്ടായാല്‍ ഗ്രൂപ്പ് വഴക്കുകളിലേക്കും കുട്ടനാട്ടില്‍ നേടാവുന്ന വിജയം കൈവിട്ടുപോകുന്നതിലേക്കും നയിക്കുമെന്നറിയാവുന്നതിനാലാണ് പരസ്യപ്രസ്താവനയോ ചെളിവാരിയെറിയലോ ഉണ്ടാകരുതെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയത്. ഗ്രൂപ്പുകളുടെ തര്‍ക്കം ഗൗനിക്കേണ്ടതില്ലെന്നും സ്വന്തം നിലപാടുമായി മുന്നോട്ടുപോകാമെന്നുമാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിക്കുന്ന നിലപാട്. കെ.പി.സി.സി പുനഃസംഘടനയുടെ സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത് കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗം ചരല്‍ക്കുന്നില്‍ നടന്ന നേതൃസംഗമത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു മുന്നോട്ടുപോകുകയാണ്. മാണി ഗ്രൂപ്പിന്റെ ഔദ്യോഗിക വിഭാഗമായി സീറ്റുനേടാനുള്ള ജോസഫ് വിഭാഗത്തിന്റെ തന്ത്രത്തിന് തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ.കെ.സി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയപ്പോഴാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇന്ന് ആ സ്ഥിതിയില്ലെന്ന് ജോസ് വിഭാഗം പറയുന്നു. തങ്ങള്‍ക്ക് സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കട്ടെ എന്ന നിലപാടും ജോസ് വിഭാഗം സ്വീകരിച്ചേക്കും.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിക്കെതിരേ മത്സരിച്ചു തോറ്റ ജേക്കബ് ഏബ്രഹാമിനെത്തന്നെ ഇത്തവണയും സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടുമായി മുന്നോട്ടുപോവുകയാണ് ജോസഫ് വിഭാഗം. 2011ല്‍ പുനലൂര്‍ മണ്ഡലം കോണ്‍ഗ്രസിന് മടക്കി നല്‍കിയപ്പോള്‍ ഉണ്ടാക്കിയ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച സീറ്റാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."