പാലിയേക്കരയില്‍ ഇന്നലെ യാത്രക്കാര്‍ക്ക് ദുരിതദിനം, 30 ദിവസത്തേക്ക് ഫാസ്റ്റാഗ് ഇളവ്
പുതുക്കാട് (തൃശൂര്‍): പാലിയേക്കര ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ്റ്റാഗ് നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് ട്രാക്കുകള്‍ ഫാസ്റ്റാഗിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പഴയപടി മൂന്ന് ട്രാക്കുകളാക്കി കുറയ്ക്കുകയായിരുന്നു.
പലവട്ടം പൊലിസ് ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഇടതടവില്ലാതെ നടന്നു. ബുധനാഴ്ചയോടെ അഞ്ച് ട്രാക്കുകള്‍ കൂടി ഫാസ്റ്റാഗിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സാധിച്ചില്ല. ടോള്‍പ്ലാസയിലെ മൂന്ന് ട്രാക്കുകളില്‍ നേരത്തേ തന്നെ ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കിയിരുന്നു.
ജനുവരി 15 മുതല്‍ ഫാസ്റ്റാഗ് വാഹനങ്ങള്‍ക്ക് പത്ത് ട്രാക്കുകള്‍ തുറന്നുനല്‍കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. പ്രാദേശിക വാഹനങ്ങള്‍ക്കും ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ക്കും ഓരോ ട്രാക്കുകള്‍ മാത്രമേ ഉണ്ടാകൂവെന്നും അറിയിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ നാലാമത്തെ ട്രാക്ക് ഫാസ്റ്റാഗ് ആക്കിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ കൈവിട്ടനിലയിലായിരുന്നു. ഫാസ്റ്റാഗ് ട്രാക്കുകളില്‍ വലിയ തിരക്കില്ലായിരുന്നെങ്കിലും പ്രാദേശിക വാഹനങ്ങള്‍ക്ക് അനുവദിച്ച ട്രാക്കുകളില്‍ വാഹനങ്ങളുടെ പ്രളയമായി. അതോടെ ദേശീയപാതയില്‍ ആമ്പല്ലൂര്‍ സെന്റര്‍ വരെയും മറുവശത്ത് തലോര്‍ ബൈപ്പാസ് വരെയും വാഹനങ്ങളുടെ വരിയെത്തി. തുടര്‍ന്ന് പൊലിസ് ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പിന്നീട് തുടര്‍ച്ചയായി വാഹനത്തിരക്കും പൊലിസ് ഇടപെടലും ഉണ്ടായി. ഏറെ താമസിയാതെ ടോള്‍പ്ലാസ അധികൃതര്‍ ഇടപെട്ട് ബൂത്തുകള്‍ അടപ്പിക്കുകയും ടോള്‍പിരിവ് പുനരാരംഭിക്കുകയും ചെയ്തു.
ടോള്‍പ്ലാസയിലൂടെ കടന്നുപോകുന്നതില്‍ 30 ശതമാനം വാഹനങ്ങള്‍ മാത്രമേ ഇപ്പോഴും ഫാസ്റ്റാഗ് ഉപയോഗിക്കുന്നുള്ളൂ. അതിവിടെ, ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടയാളുടെ പേരില്‍ ടോള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. അരമണിക്കൂര്‍ ടോള്‍ബൂത്ത് തുറന്നുവിട്ടതില്‍ 54,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. അതിനിടെ, ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധിതമാക്കിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ കുമ്പളം, പാലിയേക്കര ടോള്‍പ്ലാസകളില്‍ ഇളവ് പ്രഖ്യാപിച്ചു.
30 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.0
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."