മടക്കയാത്രയില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു
കാസര്‍കോട്/കൊല്ലം: 2017 നവംബറില്‍ പരിയാരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഫാത്തിമ ലൈബയെയും കൊണ്ട് കുതിച്ച ആംബുലന്‍സ് യാത്ര റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കില്‍ അതില്‍കൂടുതല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മറ്റൊരു രക്ഷാദൗത്യം കൂടി. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ ദിവസം രാത്രി നടത്തിയ യാത്ര കേവലം എട്ടുമണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്രയില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു.
ഇന്നലെ ഉച്ചയോടെ കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയില്‍ ഓച്ചിറ പള്ളിമുക്കില്‍വച്ച് നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡ് സൈഡിലേക്ക് പാഞ്ഞുകയറി ബൈക്കുകളില്‍ ഇടിച്ചാണ് മരണം. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
ക്ലാപ്പന കോട്ടക്ക് പുറം സാധുപുരത്ത് ചന്ദ്രന്‍ (60), ഓച്ചിറ കല്ലൂര്‍ മുക്ക് ദിയ ഫുഡ്‌സിലെ ജീവനക്കാരന്‍ ഒഡിഷ ചെമ്പദേരികൂര്‍ ജില്ലാ സ്വദേശി രാജീവ് ദോറ (32)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒഡിഷ ചെമ്പദേരികൂര്‍ സ്വദേശി മനോജ് കുമാര്‍ (25), ആംബുലന്‍സിലെ നഴ്‌സ് അശ്വിന്‍ (25) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാരായ കാസര്‍കോട്ടെ അബ്ദുല്ല, ഹാരിസ് (അച്ചു) എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാസര്‍കോട് മേല്‍പറമ്പ് കൈനോത്ത് റോഡില്‍ നിസാമുദ്ദീന്‍ മന്‍സിലില്‍ ഷറഫുദ്ദീന്‍-ആയിഷ ദമ്പതികളുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞായ മുഹമ്മദിനെയാണ് പ്രസവശേഷം ഹൃദയവാള്‍വിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചത്.
ജനുവരി മൂന്നിനാണ് ആയിഷ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്‍മം നല്‍കിയത്. എന്നാല്‍ ആണ്‍കുഞ്ഞിന് ശ്വാസമെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.
കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയത് ഉള്‍പ്പെടെ എട്ടര മണിക്കൂര്‍ സമയമാണ് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഓടിയെത്താന്‍ എടുത്തത്. രാത്രി 10.30ന് മംഗളൂരുവില്‍നിന്ന് യാത്ര തിരിച്ച കെ.എം.സി.സി ബദിയടുക്ക മേഖലയുടെ ആംബുലന്‍സ് രാവിലെ ഏഴിന് ശ്രീചിത്രയിലെത്തി കുഞ്ഞിനെ ഡോക്ടര്‍മാരെ ഏല്‍പ്പിച്ചു.
കുഞ്ഞിനെ മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ വഴി സഹായം തേടുകയായിരുന്നു. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും യാത്രയ്ക്കായി നിരവധിപേര്‍ സഹായിക്കുകയും ചെയ്തു. ട്രാഫിക് പൊലിസ് വയര്‍ലെസ് മുഖാന്തരം മെസേജ് നല്‍കുകയും കോഴിക്കോട് മുതല്‍ ഓരോ ജില്ലയിലും പൊലിസ് പൈലറ്റ് വാഹനം മുന്നില്‍ അകമ്പടി പോകുകയും ചെയ്തു.
മരിച്ച ചന്ദ്രന്‍ ഓച്ചിറ പള്ളിമുക്കിലെ സംസം ഹോട്ടലിലെ തൊഴിലാളിയാണ്. സൈക്കിളില്‍ കടയിലേക്ക് എത്തുമ്പോഴാണ് അപകടം.
സ്‌കൂട്ടറില്‍ കടയിലേക്ക് ചപ്പാത്തിയുമായി എത്തിയ യുവാക്കളാണ് മരിച്ച രാജീവ് ദോറയും പരുക്കേറ്റ മനോജ് കുമാറും. ചന്ദ്രന്റ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാജു ദോറയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
സുമംഗലയാണ് ചന്ദ്രന്റെ ഭാര്യ. പ്രിയ, സൂര്യ എന്നിവര്‍ മക്കളും, ശ്രീജിത്, ശിവന്‍ എന്നിവര്‍ മരുമക്കളുമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലിസ് പറഞ്ഞു. ഓച്ചിറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."