കനത്തമഴയില്‍ വീടുതകര്‍ന്നു; ആറംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കരുവാരകുണ്ട്: ചുള്ളിയോട് കൈതക്കൊള്ളി ശിവനും ശാരദയ്ക്കും നാലു മക്കള്‍ക്കും കഴിഞ്ഞ രാത്രിയിലെ കനത്ത മഴയും കാറ്റും സമ്മാനിച്ചതു തീര്‍ത്താല്‍ തീരാത്ത ദുരിതം. പുലര്‍ച്ചെ ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും ഇവര്‍ മുക്തമായിട്ടില്ല. കൂലിപ്പണിക്കാരനായ ശിവന്റെ കുടുംബത്തിനു ഗ്രാമപഞ്ചായത്തു നല്‍കിയ വീടാണു പുലര്‍ച്ചെയുണ്ടായ കനത്തമഴയില്‍ തകര്‍ന്നത്. അതേസമയം ആറംഗങ്ങളും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കനത്തമഴയും കാറ്റുമാണു രാവിലെ മുതല്‍ മലയോര മേഖലയില്‍ ഉണ്ടായത്. സിമന്റ് കട്ടയില്‍ പടുത്തുയര്‍ത്തിയ ചെറിയ വീടു പാടത്തിനരികിലാണ് സ്ഥിതി ചെയ്യുന്നത്. വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വെള്ളം മുഴുവനും വീടിന്റെ തറയോടു ചേര്‍ന്നാണ് സംഗമിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട മഴവെള്ളത്തില്‍ വീട് അകപ്പെട്ടതിനാലാണ് അപകടം ഉണ്ടായത്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ കുരുന്നുകളുമായി അന്തിയുറങ്ങിയ ശിവനും ഭാര്യ ശാരദയും പുലച്ചെ അടുക്കള ഭാഗം വീണതിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. താമസിയാതെ ഭവനം പൂര്‍ണമായും തകര്‍ന്നു. കൂലി വേല ചെയ്തു കുടുംബം പുലര്‍ത്തുന്ന ശിവന്‍ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കുടുംബമായി ഇനി എവിടെ അഭയം പ്രാപിക്കുമെന്ന് അറിയില്ല. വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."