പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: പിതാവും അദ്ദേഹത്തിന്റെ ഒത്താശയോടെ പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന മാതാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയെ അടിയന്തരമായി കസ്റ്റഡിയിലെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ലൈംഗികപീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ പൊലിസ് മേധാവി നേരിട്ട് മഹിളാമന്ദിരത്തിനോ ചില്‍ഡ്രന്‍സ് ഹോമിനോ കൈമാറണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന സ്ഥാപനത്തിന് മാത്രമേ പെണ്‍കുട്ടിയെ കൈമാറാവൂ. ലോക്കല്‍ പൊലിസ് സ്റ്റേഷന്റെ ചുമതലയില്ലാത്ത പൊലിസ് ഉദ്യോഗസ്ഥനെ കൊണ്ട് സംഭവത്തില്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പൊലിസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണം. അന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി നേരിട്ട് വഹിക്കണം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമവും ഉപയോഗിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണം. മാര്‍ച്ച് എട്ടിന് ആലുവ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അങ്കമാലി തുറവൂര്‍ സ്വദേശിനി മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ എറണാകുളത്തെ ക്യാംപില്‍ ഓഫീസില്‍ നേരിട്ടെത്തി വിവരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. വര്‍ഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭര്‍ത്താവ് മകളെ ലൈംഗികമായി ഉപയോഗിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നും മകളെ വിട്ടുകിട്ടണമെന്നും അയാള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."