ദേശീയ പൗരത്വ ബില്‍: അസം ഗണപരിഷത്ത് എന്‍.ഡി.എ വിട്ടു
ഗുവാഹത്തി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി അസമില്‍ സഖ്യകക്ഷിയായ അസം ഗണപരിഷത്ത്(എ.ജി.പി) മുന്നണി വിട്ടു. നിലവില്‍ സംസ്ഥാന ഭരണത്തിന് ഭീഷണയില്ലെങ്കിലും എ.ജി.പിയുടെ പിന്‍മാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയേക്കും.
ദേശീയ പൗരത്വ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മുന്നണിയില്‍ നിന്ന് എ.ജി.പി പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. അടുത്തിടെയായി ബി.ജെ.പിയുടെ നീക്കത്തില്‍ അസ്വസ്ഥരും അസംതൃപ്തരുമായ ഘടക കക്ഷികള്‍ മുന്നണി വിടുന്നത് സജീവമായിട്ടുണ്ട്.
എ.ജി.പി മുന്നണി വിട്ടതിനോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രതികരിക്കാന്‍ തയാറായില്ല.
വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പ് കാരണം ബി.ജെ.പിക്കെതിരേ പലഘടക കക്ഷികളും അതൃപ്തി രേഖപ്പെടുത്തി മുന്നണി വിട്ടിട്ടുണ്ട്. ബിഹാറില്‍ കേന്ദ്ര മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്്‌വാഹയുടെ പാര്‍ട്ടിയായ ആര്‍.എല്‍.എസ്.പി, ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുഗു ദേശം പാര്‍ട്ടി തുടങ്ങിയവര്‍ മുന്നണി വിട്ടത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ എ.ജി.പിയും മുന്നണി വിട്ടത്.
ദേശീയ പൗരത്വ ബില്‍ നടപ്പിലാകുന്നതോടെ വരുന്ന ഗുരുതരമായ പ്രതിസന്ധി മനസിലാകുന്ന വിധത്തില്‍ ബി.ജെ.പിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവരെടുത്ത തീരുമാനം പുനപ്പരിശോധിക്കാന്‍ പോലും ബി.ജെ.പി നേതൃത്വം തയാറായില്ല.
ഈ സാഹചര്യത്തില്‍ അവരുമായി മുന്നണിയില്‍നിന്ന് പ്രവര്‍ത്തിക്കുന്നത് അസാധ്യമായിരിക്കുകയാണെന്നാണ് എ.ജി.പി അധ്യക്ഷന്‍ അതുല്‍ ബോറ പറഞ്ഞത്.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് മുന്നണി വിടുന്ന കാര്യം അദ്ദേഹം അറിയിച്ചത്. പൗരത്വ രജിസ്റ്റര്‍ ബില്ലില്‍ ബി.ജെ.പി വ്യവസ്ഥ ചെയ്യുന്ന ചില കാര്യങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ അസം മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്ദ അടക്കമുള്ള എ.ജി.പി നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പിയുമായി തങ്ങള്‍ക്കുണ്ടായിരുന്ന ബന്ധം ദൃഢമായതല്ല.
ജനങ്ങളുടെ ധാര്‍മികതയ്ക്ക് അനുസരിച്ചാണ് എ.ജി.പി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് എ.ജി.പിയും ബി.ജെ.പിയും സഖ്യത്തില്‍ വന്നത്. 126 അംഗ നിയമസഭയില്‍ 61 സീറ്റുകളില്‍ ബി.ജെ.പിയും 14 സീറ്റുകളില്‍ എ.ജി.പിയും വിജയിച്ചു. ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്റെ 12 സീറ്റുകളും മറ്റു സ്വതന്ത്രരുമടക്കം 87 പേരുടെ ഭൂരിപക്ഷത്തിലാണ് സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ മുന്നണി അധികാരത്തില്‍ വന്നത്.
എ.ജി.പി പിന്‍തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴില്ലെന്ന ആശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ തല്‍ക്കാലം പിന്‍വലിക്കില്ലെന്നും ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത് മാനിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും എ.ജി.പി അധ്യക്ഷന്‍ അതുല്‍ ബോറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."