ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറസ്റ്റില്‍. നെടുമങ്ങാട് മേലാങ്കോട് ഉഷസില്‍ ശ്രീകുമാരന്‍ നായരാണ് (58) അറസ്റ്റിലായത്.
ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖലാ പ്രസിഡന്റ് വിഷ്ണുവിന്റെ വീട് ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിരുന്നു. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകളെറിഞ്ഞ് വാതില്‍ തകര്‍ത്ത ശേഷം സംഘംചേര്‍ന്ന് വീടിനുള്ളില്‍ പ്രവേശിച്ച് വിഷ്ണുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
വിഷ്ണുവിനെ കിട്ടാത്തതിനാല്‍ വീട് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ബോംബുകളും ആയുധങ്ങളും ഇയാളുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."