ഗാന്ധി സ്മൃതിയില്‍ നിന്ന് ഗാന്ധിജി വെടിയേറ്റു കിടക്കുന്ന ചിത്രം ഒഴിവാക്കി; പ്രധാനമന്ത്രിക്കെതിരെ തുഷാര്‍ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധി സ്മൃതിയിലും ദര്‍ശന്‍ സമിതിയിലും സ്ഥാപിച്ചിരുന്ന ഗാന്ധിജിയുടെ അവസാന നിമിഷ ചിത്രം എടുത്ത് ഒഴിവാക്കിയതിനെതിരെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി രംഗത്ത്. ബാപ്പുവിന്റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെ പോലും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് തുഷാര്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിയുകയും ചെയ്തു. 'പ്രധാന്‍ സേവകി'ന്റെ നിര്‍ദേശ പ്രകാരമാണ് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിര്‍ള ഹൗസിലെ ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രസണിന്റെ ചിത്രമായിരുന്നു ബിര്‍ള ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രമിപ്പോള്‍ കാണാനില്ല. പകരം എല്‍.ഇ.ഡി സ്‌ക്രീനില്‍ ചിത്രങ്ങള്‍ മാറിമറിയുന്നതാണ് കാണുന്നത്. ഇതിനെതിരെയാണ് തുഷാര്‍ ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യ മാറിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ ചരിത്രത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധി കുറിച്ചു. വിമര്‍ശനത്തെ താന്‍ ഭയക്കുന്നില്ലെന്നും എന്നാല്‍ നുണപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും തുഷാര്‍ ഗാന്ധിയുടെ ട്വീറ്റിനോട് സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ പ്രതികരിച്ചു. ചിത്രം നിറംമങ്ങിയതിനാലാണ് മാറ്റിയതെന്നും ഇത് ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ള ഹൗസിലാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഇവിടം മ്യൂസിയമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."