പി.പി മുഹമ്മദ് ഫൈസി സ്മാരക പുരസ്‌കാരം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ക്ക്
ഫൈസാബാദ്: സമസ്ത കേന്ദ്ര മുശാവറ അംഗവും ചരിത്രകാരനുമായിരുന്ന പി.പി മുഹമ്മദ് ഫൈസിയുടെ സ്മരണാര്‍ഥം ശിഷ്യന്‍മാരുടെ കൂട്ടായ്മ ഏര്‍പ്പെടുത്തിയ പണ്ഡിത പുരസ്‌കാരം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ക്ക്. അരനൂറ്റാണ്ട് കാലത്തെ സ്തുത്യര്‍ഹമായ സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
1951ല്‍ എം.ടി അലവിക്കുട്ടി മുസ്‌ലിയാരുടെയും തവളേങ്ങല്‍ ഫാത്വിമക്കുട്ടിയുടെയും മകനായി ജനിച്ച അബ്ദുല്ല മുസ്‌ലിയാര്‍ രാമപുരം എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം നടത്തി. തുടര്‍ന്ന് അരിപ്ര വേളൂര്‍, മോളൂര്, മങ്കട പള്ളിപ്പുറം എന്നീ ദര്‍സുകളില്‍ സി.പി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി.കെ മുഹമ്മദ് സഈദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ പഠനം നടത്തി.
ശേഷം ഉപരിപഠനാര്‍ഥം പട്ടിക്കാട് ജാമിഅയില്‍ എത്തിയ എം.ടി ഉസ്താദ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എന്‍. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് 1972ല്‍ ഫൈസി ബിരുദം കരസ്ഥമാക്കി. 1995ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി.
പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്തി ദാറുസ്സലാം, കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളജ്, കടമേരി റഹ്മാനിയ്യ തുടങ്ങിയ ഉന്നത മതകലാലയങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ച അബ്ദുല്ല മുസ്‌ലിയാര്‍ അറിയപ്പെടുന്ന ഇസ്‌ലാമിക ശാസ്ത്ര ഗവേഷകനാണ്. നിലവില്‍ സമസ്ത സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കണ്‍വീനര്‍, കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പല്‍ എന്നീ ഉന്നത പദവികളില്‍ സേവനമനുഷ്ഠിക്കുന്നു. നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്. അവാര്‍ഡ് തുകയും പ്രശസ്തി ഫലകവും ഇന്നു ജാമിഅഃ സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."