പഠനത്തില്‍ നരയറിയാത്ത നരവംശ ശാസ്ത്രജ്ഞന്‍
ഔദ്യോഗിക രേഖകളും യാത്രാവിവരണങ്ങളും ഉപയോഗിച്ച് നരവംശ ശാസ്ത്ര പഠനങ്ങള്‍ എഴുതിയിരുന്ന ഒരു കാലത്ത് ഫീല്‍ഡ് വര്‍ക്കുകളെ അടിസ്ഥാനപ്പെടുത്തി നരവംശ ശാസ്ത്രപഠനം നടത്തിയ ആളാണ് പാലക്കാട് മാത്തൂര്‍ സ്വദേശിയായ പി.ആര്‍.ജി മാത്തൂര്‍. ഒരു കാലത്ത് സവര്‍ണ തമ്പുരാക്കന്മാരുടെ കുത്തകയായിരുന്ന ഇന്ത്യയിലെ നരവംശ ശാസ്ത്രപഠന രംഗത്തേക്ക് ചുവടുവയ്ക്കുകയും പഠനമാതൃക തന്നെ മാറ്റിയെഴുതുകയും ചെയ്തു അദ്ദേഹം. ഇന്നിപ്പോള്‍ ശരീരത്തിന് നര ബാധിച്ച എണ്‍പത്തഞ്ചാം വയസിലും കാട്ടിലെയും കടലിലെയും മനുഷ്യരെ നേരിട്ട് കണ്ടു പഠിക്കുകയും അവരെക്കുറിച്ച് എഴുതുകയും ചെയ്തുകൊണ്ടിരിക്കുകയാണ് പൊടികുളങ്ങര രാമസ്വാമി ഗോവിന്ദന്‍കുട്ടിയെന്ന പി.ആര്‍.ജി മാത്തൂര്‍.
നിലമ്പൂര്‍ കാടുകളിലെ
സാഹസികത
ഫീല്‍ഡ്‌വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള എത്‌നോഗ്രാഫിലൂടെ ഒരു സമൂഹത്തെ കൃത്യമായി രേഖപ്പെടുത്താമെന്നാണ് മാത്തൂര്‍ തെളിയിച്ചത്. നിലമ്പൂര്‍ കാടുകളിലെ അളകള്‍ക്കുള്ളിലും കാടിനകത്തും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രാക്തന ഗോത്രവര്‍ഗക്കാരായ ചോലനായ്ക്കരെക്കുറിച്ചും കൊറഗരെക്കുറിച്ചും കുറുമ്പരെക്കുറിച്ചും കാട്ടുനായ്ക്കരെക്കുറിച്ചും വര്‍ഷങ്ങളോളം പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും അന്നത്തെ സര്‍ക്കാര്‍ ഇവരെ പ്രാക്തന ഗോത്രവര്‍ഗക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലമ്പൂരിലെ കൊടുംകാടിനുളളിലെ മക്കിബറ അളയില്‍ ഒരു വര്‍ഷത്തോളം താമസിച്ചാണ് ചോലനായ്ക്കരെക്കുറിച്ച് പഠനം നടത്തിയത്. ആദ്യമായി നാട്ടില്‍ നിന്നു പോകുന്ന മനുഷ്യരെ കണ്ടാല്‍ പാറയിലെ ഗുഹകളില്‍ ഒളിച്ചിരിക്കുന്ന വിഭാഗമായിരുന്നു ചോലനായ്ക്കര്‍. ഇവരെക്കുറിച്ചു പഠിക്കാന്‍ ചെല്ലുമ്പോള്‍ കാടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും തയാറായിരുന്നില്ല. പിന്നീട് അവിടെയുള്ള വനം വകുപ്പിലെ വാച്ചറുടെ സഹായത്തോടെ ഒരു ചോലനായ്ക്ക യുവാവിനെ സ്വാധീനിച്ചാണ് ഇവരുമായി സൗഹൃദം സ്ഥാപിച്ചെടുത്ത്. പിന്നീട് മാസങ്ങളോളം അവരുമായി നിരന്തരം ബന്ധപ്പെട്ടാണ് അവരെക്കുറിച്ചു പഠനം നടത്താന്‍ കഴിഞ്ഞത്. കാട്ടു കിഴങ്ങുകളും തേനുമാണ് അവര്‍ ഭക്ഷിച്ചിരുന്നത്. ആറുമാസത്തോളം ഗുഹകളില്‍ താമസിച്ചു. നാട്ടില്‍ നിന്ന് അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും വാങ്ങിക്കൊണ്ടുപോയി പാചകം ചെയ്തു കഴിച്ചു. അവര്‍ക്കും നല്‍കി. പിന്നീടാണിവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യധന്യങ്ങളെല്ലാം നല്‍കിത്തുടങ്ങിയത്.
കടലിലും നേരിട്ടുള്ള പഠനം
'ദി മാപ്പിള ഫിഷര്‍ഫോക്ക് ഓഫ് കേരള' എന്ന പുസ്തകം എഴുതിയത് രസകരവും ഒപ്പം കടുപ്പമേറിയതുമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മലപ്പുറം താനൂര്‍ വില്ലേജില്‍ മുക്കുവരുടെ കൂടെ താമസിച്ച് ആറുമാസം മത്സ്യത്തൊഴിലാളിയെപ്പോലെ കടലില്‍ പോയി പണിയെടുത്തു. താനൂര്‍ കടപ്പുറത്തെ ബീരാന്‍കുട്ടിയെ ഒരിക്കലും മറക്കില്ല. എന്തൊരു സ്‌നേഹമാണ് ആ മനുഷ്യര്‍ക്ക്. നിഷ്‌കളങ്കമാണവരുടെ സ്‌നേഹമെന്നും മാത്തൂര്‍ ഓര്‍ക്കുന്നു. ആദിവാസികള്‍ക്കും തന്നോട് വലിയ സ്‌നേഹമായിരുന്നു. ആദിവാസികളെക്കുറിച്ച് എഴുതാന്‍ മേഘാലയയിലെ കാടുകളില്‍ ഗുഹാമനുഷ്യരോടൊപ്പം ഒരുവര്‍ഷത്തോളം താമസിച്ചു. അവരെന്നെ വിളിച്ചിരുന്നത് 'മാറ്റൂര്‍' എന്നാണ്. അവരുടെ ഒരു മകന് പേരിട്ടു വിളിച്ചതു പോലും മാറ്റൂരി എന്നാണ്. അത്ര സ്‌നേഹമായിരുന്നു അവര്‍ക്ക്.
ഒറ്റമൂലിയെ നാട്ടിലെത്തിച്ചു
ആദിവാസി വിഭാഗങ്ങള്‍ നടത്തിവന്ന ഒറ്റമൂലി ചികിത്സ നടത്താന്‍ സ്വന്തം വീട്ടില്‍ സൗകര്യം ചെയ്തു കൊടുത്തതോടെ നാട്ടുകാര്‍ക്കിടയില്‍ ആദിവാസി വൈദ്യത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചു. പതിനഞ്ചു വര്‍ഷത്തോളം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഒറ്റമൂലി ചികിത്സയെക്കുറിച്ചു പഠനം നടത്തിയശേഷം കാന്‍സര്‍, വൃക്കരോഗം പോലുള്ളവയ്ക്ക് മരുന്ന് വികസിപ്പിച്ചെടുക്കാന്‍ ആദിവാസികളെ പ്രാപ്തരാക്കുകയും ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആദിവാസി വൈദ്യന്മാരെ സംഘടിപ്പിച്ച് ആന്ത്രപ്പോളജി ട്രൈബല്‍ മെഡിസിന്‍ സെന്റര്‍ തുടങ്ങുകയുംചെയ്തു. അട്ടപ്പാടിയിലെ മുഗ്ദ്ധ വൈദ്യര്‍, വല്യമ്മ തുടങ്ങി പ്രഗത്ഭരായ ആദിവാസി വൈദ്യമാരെല്ലാം ഇവിടെയെത്തി ചികിത്സ നല്‍കിയിരുന്നു.
കിര്‍ത്താഡ്‌സ് ഡയറക്ടര്‍
സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കേരളത്തിലെ ആദിവാസികളുടെയും മറ്റു ജാതികളുടെയും വര്‍ഗീകരണത്തെക്കുറിച്ച് പഠനം നടത്താനായി കോഴിക്കോട് കേന്ദ്രീകരിച്ച് കിര്‍ത്താഡ്‌സ് തുടങ്ങിയത്. മാത്തൂരിനെ ഇതിന്റെ സ്‌പെഷ്യല്‍ ഓഫീസറാക്കിയും നിയമിച്ചു. പിന്നീട് ഡയരക്ടാക്കി. 1987 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. അന്നത്തെ പട്ടിക ജാതി വര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന പി.കെ രാഘവന്‍ മുന്‍കൈയ്യെടുത്താണ് കിര്‍ത്താഡ്‌സ് മ്യൂസിയം ഉണ്ടാക്കിയത്. കേരളത്തിലെ പട്ടികജാതി വര്‍ഗങ്ങളെപ്പറ്റി ലിസ്റ്റുണ്ടാക്കി വര്‍ഗീകരണം നടത്തിയതും മാത്തൂരിന്റെ കാലത്താണ്. കേരളത്തിലെ ആദിവാസി കോളനികളില്‍ ചെന്ന് മ്യൂസിയത്തിനാവശ്യമായ വസ്തുക്കള്‍ ശേഖരിച്ചു. ഇപ്പോള്‍ കിര്‍ത്താഡ്‌സ് മ്യൂസിയം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ എത്‌നിക് പഠന കേന്ദ്രമാണ്. ഇന്നത്തെ നരവംശ പഠനങ്ങളില്‍ കിര്‍ത്താഡ്‌സിന്റെ പ്രവര്‍ത്തനം തീരെ തൃപ്തികരമല്ലെന്ന് അദ്ദേഹം പറയുന്നു. കിര്‍ത്താഡ്‌സില്‍ ഇപ്പോള്‍ നടക്കുന്നത് നരവംശപഠനമല്ല, വിഴുപ്പലക്കലുകള്‍ മാത്രമാണ്. ഫീല്‍ഡിലിറങ്ങി പഠനം കുറവാണ്. അതുകൊണ്ടുതന്നെ ജാതി വര്‍ഗീകരണം സത്യസന്ധമായി നടക്കുന്നില്ല. അതില്‍ എനിക്ക് വിഷമമുണ്ട്. എന്റെ കാലയളവില്‍ കുറെ ഫീല്‍ഡ് സ്റ്റഡി നടത്തി തയാറാക്കിയ റിപ്പോര്‍ട്ടുകളുണ്ട്. അതൊന്നും വെളിച്ചം കണ്ടിട്ടില്ല. ഫീല്‍ഡില്‍ ഇറങ്ങി പഠിച്ചാല്‍ മാത്രമേ സത്യസന്ധമായി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
തൂലിക ചലിച്ചപ്പോള്‍
ഗുഹാമനുഷ്യരായ ചോലനായ്ക്കരെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പുസ്തകമാണ് 'ട്രൈബല്‍ സിറ്റുവേഷന്‍ ഇന്‍ കേരള'. ഇതിനു പുറമെ മലബാറിലെ മല്‍സ്യത്തൊഴിലാളികളെക്കുറിച്ചും പഠനം നടത്തി. 1973 ല്‍ മാപ്പിള ഫിഷര്‍ ഫോക്ക് ഓഫ് കേരളാ എന്നപേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ ഡോക്ടറേറ്റും നേടി. അപ്ലൈഡ് ആന്ത്രപ്പോളജി ആന്‍ഡ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ഇക്കോളജി, ടെക്‌നോളജി ആന്‍ഡ് ഇക്കോണമി, സാക്രഡ് കോംപ്ലക്‌സ് ഓഫ് ഗുരുവായൂര്‍ ടെംപിള്‍, സാക്രഡ് കോംപ്ലക്‌സ് ഓഫ് ദി ശബരിമല അയ്യപ്പ ടെമ്പിള്‍, ഒറീസയിലെ ആദിവാസി വിഭാഗമായ ദിദായി, മേഘാലയിലെ ആദിവാസി വിഭാഗമായ കാസി ഓഫ് മേഘാലയ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
പഠനം
പാലക്കാട്ടെ ഒരു കര്‍ഷകകുടുംബത്തിലാണ് ജനനം. അച്ഛന്‍ രാമസ്വാമി നാലാം ക്ലാസ് വരെ മാത്തൂര്‍ ബംഗ്ലാ സ്‌കൂളില്‍, ഏഴാം ക്ലാസ് മുതല്‍ പാലക്കാട് വി.വി.പി ഹൈസ്‌കൂളില്‍. മാത്തൂരില്‍ നിന്ന് 11 കിലോമീറ്റര്‍ നടന്നാണ് ഈ സ്‌കൂളില്‍ പഠിക്കാന്‍ എത്തിയിരുന്നത്. ഇന്റര്‍മീഡിയറ്റും ഇക്കണോമിക്‌സില്‍ ബിരുദവും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന്. ഡെറാഡൂണിലെ ആഗ്ര യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജി, ആന്ത്രപ്പോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കല്‍ക്കട്ട യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നരവംശ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ആന്ത്രപ്പോളജി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി നിയമനം. കേരളസര്‍ക്കാര്‍ കിര്‍ത്താഡ്‌സ് ആരംഭിച്ചപ്പോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആയി നിയമനം ലഭിച്ചതോടെ കേരളത്തിലേക്കെത്തി. ഇതിനു ശേഷമാണ് കേരളത്തിലെ കാടുകളിലെ ആദിവാസികളെ കുറിച്ച് പഠനം തുടര്‍പഠനം നടത്തിയത്.
കുടുംബം
വിദ്യാഭ്യാസം ഇല്ലാത്ത മാത്തൂര്‍ സ്വദേശികളായ മാതാപിതാക്കളുടെ മൂന്ന് ആണ്‍മക്കളില്‍ മൂന്നാമനാണ് പി.ആര്‍.ജി. മൂത്ത സഹോദരന്‍മാര്‍ രണ്ടുപേരും ചെറുപ്പത്തില്‍ പഠനം നിര്‍ത്തി അച്ഛനോടൊപ്പം കൃഷിപ്പണിക്കിറങ്ങി. 1934ല്‍ രാജസ്വാമിയുടെയും വള്ളിയമ്മയുടെയും മകനായാണ് ജനനം. 1964 ല്‍ വിവാഹം. ഭാര്യ ചിറ്റൂര്‍ സ്വദേശിനി രുഗ്മണി. മക്കള്‍: ശ്രീനിവാസ് ജി. മാത്തൂര്‍ (കുവൈത്ത്), പരേതയായ ആഷ, മരുമകള്‍: ഡോ. സോണ, പേരക്കുട്ടി: എസ്.എസ് ശാരദ. ഇപ്പോള്‍ കുന്നത്തൂര്‍മേട് വിവേകാനന്ദ കോളനിയില്‍ താമസം.
ഇപ്പോള്‍ മാത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്തകൃഷ്ണയ്യര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ആന്ത്രപ്പോളജിക്കല്‍ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ സെക്രട്ടറിയും മുദ്ദമൂപ്പന്‍ സെന്റര്‍ ഫോര്‍ ട്രൈബല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ട്രസ്റ്റിയുമാണ്. അനന്തകൃഷ്ണയ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ്, ഏഷ്യാറ്റിക് സൊസൈറ്റി അവാര്‍ഡ് എന്നിവ ലഭിച്ചു. പത്തു വര്‍ഷം മുന്‍പ് വരെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു. അമേരിക്കയിലും ഇന്ത്യയിലും ജര്‍മനിയിലുമൊക്കെ നടന്ന ആന്ത്രപ്പോളജി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ നൂറോളം പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."