ഇരുപത് കുടുംബങ്ങളില്‍ വൈദ്യുതിയുടെ വെള്ളി വെളിച്ചം
പുതുക്കാട്: വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബിയും ജനമൈത്രി പൊലിസും ചേര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ ഇരുപത് നിര്‍ദ്ധന കുടുംബങ്ങളില്‍ സൗജന്യമായി വൈദ്യുതിയുടെ വെള്ളി വെളിച്ചം എത്തിക്കുന്നു. ജാതി മത പരിഗണനകള്‍ക്കതീതമായി സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് തെരെഞ്ഞെടുക്കപ്പെട്ട ഇരുപത് കുടുംബങ്ങളിലാണ് ഞായറാഴ്ച മുതല്‍ വൈദ്യുതി എത്തുന്നത്.
മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറ, ഇഞ്ചക്കുണ്ട്, മാങ്കുറ്റിപ്പാടം, മോനൊടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് തെരെഞ്ഞടുക്കപെട്ട ഇരുപത് വീട്ടുകാര്‍.
സമൂഹത്തില്‍ പൊലിസ് ക്രിയാത്മകമായി ഇടപെടുന്നതിന്റെ ഭാഗമാണ് സൗജന്യ വൈദ്യുതിയെത്തിക്കല്‍ പദ്ധതിയെന്നു വെള്ളിക്കുളങ്ങര എസ് .ഐ എം.ബി സിബിന്‍ പറഞ്ഞു.
ഇരുപത് വീടുകളില്‍ പതിനൊന്ന് വീടുകളുടെ വൈദ്യുതീകരണം പൊലിസാണ് നടത്തുന്നത്. ഓരോ വീടിനും ഏകദേശം 4000 രൂപയാണ് ചിലവ് വന്നിട്ടുള്ളത്.ഇതിനായി സമൂഹത്തിലെ തികച്ചും മാന്യരും ആദരണീയരും പിന്നീടൊരിക്കല്‍ ഈ വിഷയത്തില്‍ പൊലിസില്‍ ഒരു വിധ അവകാശവുമുന്നയിക്കാന്‍ സാധ്യത ഇല്ലാത്തതുമായ വ്യക്തികളില്‍നിന്നും സംഭാവന സമാഹരിച്ചാണ് പൊലിസ് ഇതിനു വേണ്ട ഫണ്ട് ഉണ്ടാക്കിയത്.
കെ.എസ്.ഇ.ബിയാവട്ടെ വെള്ളിക്കുളങ്ങരയില്‍ ആകെയുള്ള 32 ജീവനക്കാര്‍ ഓരോരുത്തരും 1000 രൂപ വീതം എടുക്കുകയായിരുന്നു. കൂടാതെ തങ്ങളുടെ കരാറുകാരെ സമീപിച്ചു കുറഞ്ഞ ചിലവില്‍ വീട് വൈദ്യുതീകരണത്തിനും ഏര്‍പെടുത്തി. ഇങ്ങിനെ ശേഷിച്ച ഒമ്പത് വീടുകള്‍ വൈദ്യുതീകരിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ നാഡിപ്പാറ കമ്മ്യുണിറ്റി ഹാളില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാ പൊലിസ് മേധാവി എന്‍ വിജയകുമാര്‍, കെ.എസ്.ഇ.ബി ചാലക്കുടി ചീഫ് എക്‌സിക്യുറ്റിവ് എന്‍ജിനീയര്‍ എന്‍ .എന്‍ രാധ എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."