ഹര്‍ത്താല്‍: ജില്ലയില്‍ ഇതുവരെ അറസ്റ്റിലായവര്‍ 277
മലപ്പുറം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്നിന് നടന്ന ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ വരെ 83 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലിസിന്റെ ഔദ്യോഗിക കണക്കുപ്രകാരം ജില്ലയില്‍ ഇതുവരെ 277 പേര്‍ അറസ്റ്റിലായി. 35 പേര്‍ റിമാന്‍ഡിലാണ്. 242 പേര്‍ക്ക് ജാമ്യം ലഭിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ 1,52,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വരും ദിവസങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ജില്ലയിലുണ്ടായത്. പൊന്നാനിയില്‍ എസ്.ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പടെ നിരവധി കേസുകളാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലുള്ളത്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സജീവ പ്രവര്‍ത്തകരും നേതാക്കളുമാണ് പൊലിസ് പിടിയിലാകുന്നത്.
എസ്.ഐയെയും പൊലിസുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ് നേതാവടക്കമുളളവര്‍ പൊലിസ് പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."