കടയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത് അനുമതിയില്ലാതെ
കോഴിക്കോട്: തീപിടിത്തമുണ്ടായ മിഠായിത്തെരുവിലെ മോഡേണ്‍ തുണിക്കടയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണെന്ന് ഫയര്‍ഫോഴ്‌സ്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തിയ തീപിടിത്തമുണ്ടായ കടയുടെ മുകള്‍ നിലയില്‍ നിന്ന് ഏറെ സാഹസികമായാണ് ഫയര്‍ഫോഴ്‌സ് സംഘം നാല് ഗ്യാസ് സിലിണ്ടറുകള്‍ താഴെ ഇറക്കിയത്. കടയുടെ താഴത്തെ നിലയിലും ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീ കണ്ടതോടെ ജീവനക്കാര്‍ തന്നെ ഇവ മാറ്റുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന നിഗമനത്തില്‍ തന്നെയാണ് അഗ്‌നിശമന സേനയും ഉള്ളത്. കടയില്‍ ഗ്യാസ് ഉപയോഗിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും എന്നാല്‍ ഇങ്ങനെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി മിഠായിത്തെരുവിലെ ഒരു കടയ്ക്കും നല്‍കിയിട്ടില്ലെന്നും ഡിവിഷനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. തീപിടിത്തം നടന്ന് ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി സിലിണ്ടറുകള്‍ നീക്കം ചെയ്തതാണ് വന്‍ ദുരന്തം ഒഴിവാകാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം പൂര്‍ണമായും അടച്ച നിലയിലായിരുന്നു. തുണികള്‍ പ്‌ളാസ്റ്റിക് കവറുകളില്‍ തിക്കിനിറച്ചാണ് സൂക്ഷിച്ചിരുന്നത്. പുറത്തു നിന്ന് ചെറിയൊരു തീപ്പൊരി വീണാല്‍ വരെ തീ ആളിക്കത്തും. അതാണ് തീ പടരാന്‍ ഇടയാക്കിയതെന്നും അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു.
അതിനിടെ ഫോറന്‍സിക്, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ ഇന്നലെ കടയില്‍ പരിശോധന നടത്തി. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന നിഗമനത്തിലാണ് പരിശോധനാസംഘം. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന രണ്ട് മണിവരെ തുടര്‍ന്നു.
കടയിലെ വയറിങിന് കാലപ്പഴക്കം ഉണ്ടെങ്കിലും ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡും മറ്റ് ഉപകരണങ്ങളും കാലപ്പഴക്കമില്ലാത്തതാണെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടോജോ ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയപരിശോധനയില്‍ വ്യക്തമായത്. ജനറേറ്ററില്‍ നിന്ന് തീ പടരാനുള്ള സാധ്യതയും കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലൂസ് കണക്ഷന്‍ കാരണം ചെറിയ സ്പാര്‍ക്ക് ഉണ്ടാകുമ്പോള്‍ സമീപത്ത് കൂട്ടിയിട്ട തുണിക്ക് തീപിടിക്കാനുള്ള സാധ്യത മാത്രമാണുള്ളതെന്നാണ് നിഗമനം. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍മാരായ എസ് മണിലാല്‍, ശ്രീജ, റീജാ ദീപക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനാ സാമ്പിളുകള്‍ ശേഖരിച്ചു. കണ്ണൂരിലെ ലാബിലാണ് പരിശോധനകള്‍ നടക്കുക.
അഗ്നി ബാധയില്‍ രണ്ടുകോടി രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചതായി മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഹിമചല്‍പതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."