ജല സംരക്ഷണ സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ്
പാലക്കാട്: ജല സംരക്ഷണ സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന കേരളത്തിലെ ശുദ്ധജല വിതരണവും ഉപയോഗക്രമം സംബന്ധിച്ച് ബോധവല്‍ക്കരണവുമാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ കാലങ്ങളേക്കാള്‍ രൂക്ഷമായ ശുദ്ധജല പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ജല സ്രോതസുകള്‍ സംരക്ഷിക്കാനും ജല മലിനപ്പെടുത്തുന്നതിനെതിരേ ശക്തമായ ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘടനാ നേതാക്കളായ സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, യൂസുഫ് പത്തിരിപ്പാല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ശുദ്ധജല ക്ഷാമമനുഭവിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ സംഘടനയുടെ സന്നദ്ധ വിഭാഗമായ 'വിഖായ' രംഗത്തിറങ്ങും.
ലോക ജലദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്ത് ശാഖാ തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വെള്ളത്തിന്റെ നിയന്ത്രിത ഉപയോഗം സംബന്ധിച്ച് ഡോക്യുമെന്ററികള്‍, പ്രഭാഷണങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
പ്രചാരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം നാളെ പാലക്കാട് കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിര്‍വഹിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
റഹ്മതുല്ലാഹ് ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജലനിധി, ശുചിത്വമിഷന്‍, ഹരിതകേരളം പദ്ധതികളുടെ ഉദ്യോഗസ്ഥ മേധാവികള്‍ പ്രസംഗിക്കും.
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ ബി.എല്‍ ബിജിത്ത്, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, എ.വി ഗോപിനാഥ്, സി.കെ രവീന്ദ്രന്‍, അനീസ് മാസ്റ്റര്‍, കല്ലൂര്‍ ബാലന്‍, കെ.പി.എസ് പയ്യനെടം, താജുദ്ദീന്‍ മാസ്റ്റര്‍, സി. മുഹമ്മദലി ഫൈസി, ടി.കെ മുഹമ്മദലി ഫൈസി, വി.എ.സി കുട്ടി ഹാജി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."