100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി
തിരുവനന്തപുരം: അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് എം.എൽ.എ 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എൻ.സി.പി. എൻ.സി.പി സംസ്ഥാന നേതാക്കളായ പി.എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആർ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ഇടത് എം.എൽ.എമാരെ അജിത് പവാറിന്റെ എൻ.സി.പി വഴി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ. തോമസിന് നേരെ ഉയർന്ന ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ. തോമസിന് എന്തുകൊണ്ട് മന്ത്രിസ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
അതേസമയം, കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിക്കുന്ന തോമസ് കെ. തോമസ് അടക്കം ആരും പരാതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരാതി ഉടൻ വേണ്ടെന്ന മറുപടിയാണ് എൻ.സി.പി നേതാക്കൾക്ക് സി.പി.എമ്മിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
വിശദീകരണം നൽകുന്നതിനായി മുഖ്യമന്ത്രിയുമായി തോമസ് ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പരിപാടികൾക്കായി എറണാകുളത്തും ആലപ്പുഴയിലും മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ഇടപെടലിനെ ഇടത് നേതാക്കൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."