മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ
ഹൈദരാബാദ്:ഹൈദരാബാദിൽ മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അന്ധരായ വൃദ്ധ ദമ്പതികൾ.5 ദിവസങ്ങൾക്ക് മുമ്പ് മകൻ മരിച്ചതായി സംശയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലിസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കണ്ടത്ത് 30 വയസ് പ്രായമുള്ള മകൻ്റെ മൃതദേഹത്തിന് സമീപം അർദ്ധബോധാവസ്ഥയിൽ ദമ്പതികളെയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലിസിൽ വിവരം അറിയിച്ചത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതികൾ മകൻ പ്രമോദിന്റെ മരണത്തെക്കുറിച്ച് അറിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചു നടന്നിരുന്നു. വിവരമൊന്നും ലഭിക്കാത്തതിനാൽ സഹായത്തിന് വേണ്ടി അയൽക്കാരെ വിളിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയൽക്കാരും ഇവരുടെ വിളി ശ്രദ്ധിച്ചില്ല.
പൊലിസ് എത്തിയാണ് വൃദ്ധ ദമ്പതികൾക്ക് ഭക്ഷണവും വെള്ളവും നൽകിയത്. ഹൈദരാബാദിൽ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവരുടെ മൂത്ത മകനെ പൊലിസ് വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രമോദ് പതിവായി മദ്യപിക്കുമായിരുന്നുവെന്നും ഒരു വർഷത്തോളമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. സംഭവത്തിൽ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സ ലഭ്യമാക്കാനായി ദമ്പതികളെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."