കുസാറ്റില്‍ വിദ്യാര്‍ഥിയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം: എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഹോസ്റ്റല്‍ വാര്‍ഷികത്തോടനുബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എസ്.എഫ് ഐ നേതാക്കളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ കളമശ്ശേരി പൊലിസ് വധശ്രമത്തിന് കേസെടുത്തു.
ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ബിടെക് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറി (21) നെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എസ്.എഫ്.ഐ.യൂനിറ്റ് ഭാരവാഹികളായ രാഹുല്‍ പേരാളം, പ്രജിത്ത് കെ.ബാബു എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി കളമശ്ശേരി സി.ഐ പ്രസാദ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കുസാറ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ വാര്‍ഷികം അരങ്ങേറിയിരുന്നു. ഇതിനോടനുബന്ധിച്ച് ജൂനിയര്‍ - സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ഞായറാഴ്ച രാത്രി 11.30 ഓടെ കുസാറ്റ് ജങ്ഷനില്‍ ബൈക്കിലെത്തിയ ആസിലിനെ കാറിപ്പിടിപ്പിച്ച് വീഴ്ത്തി കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പരുക്കേറ്റ ആസിലിനെ കുസാറ്റിലെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിലെ ഒരു പ്രതി മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസിലും ഉള്‍പ്പെട്ടയാളാണ്. അതിനിടെ ഹോസ്റ്റല്‍ വാര്‍ഷികത്തോടനുബന്ധിച്ച് കാംപസിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കുസാറ്റ് മൂന്നംഗ സമതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."