നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനു രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനു രൂക്ഷ വിമര്‍ശനം. രാജ്യത്തെ സാമ്പത്തിക ചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നായ നോട്ട് നിരോധനത്തോട് സംസ്ഥാന സര്‍ക്കാരിനു പൊരുതേണ്ടി വന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പകരം മറ്റൊരു സംവിധാനവും ഏര്‍പെടുത്താതെ വിവേകരഹിതമായും തിടുക്കത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ചയില്‍ 24,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കുകയില്ലെന്ന കര്‍ശന നിയന്ത്രണവും ഒരു രാത്രികൊണ്ട് രാജ്യത്താകമാനം ഏര്‍പെടുത്തി. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട നമ്മുടെ അവകാശങ്ങള്‍ കേവലം ഭരണ നിര്‍വഹണപരമായ ഒരു ഉത്തരവു പ്രകാരം ഇല്ലാതാക്കപ്പെട്ടു. സ്വതന്ത്ര സാമ്പത്തിക അതോറിറ്റിയായി പ്രവര്‍ത്തിക്കേണ്ട ഭാരതീയ റിസര്‍വ് ബാങ്ക് ഈ പരിഹാസ്യതയ്ക്ക് മൗനാനുവാദം നല്‍കുന്ന നിശബ്ദ പങ്കാളിയാകാന്‍ നിര്‍ബന്ധിതമായി. വേണ്ടത്ര ചിന്തിക്കാതെ എടുത്ത ഈ തീരുമാനത്തിനു മുന്‍പായി ദരിദ്രരെയും താഴ്ന്ന മധ്യവര്‍ഗ നിലവാരത്തിലുള്ളവരെയും ശമ്പളം പറ്റുന്നവരെയും ഈ നടപടി എപ്രകാരം ബാധിക്കുമെന്നുള്ള ഗൗരവതരമായ ഒരു വിശകലനത്തിനു പോലും പരിഗണന നല്‍കുകയുണ്ടായില്ല എന്നതാണ് ഇതിലെ ഏറ്റവും മോശമായ വസ്തുത.
കാര്‍ഷിക സമ്പദ്ഘടനയുടെ നെടുംതൂണായ സഹകരണ മേഖലയാകെ ഒരു രാത്രികൊണ്ട് നിശ്ചലമായി. സഹകരണ മേഖലയ്ക്കു നേരെ മുന്‍പെങ്ങും ഇപ്രകാരം ഒരു ആക്രമണം ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഈ വസ്തുതകള്‍ വരുത്തുന്ന പ്രത്യാഘാതത്തെക്കുറിച്ച് സര്‍ക്കാരിനു കടുത്ത ആശങ്കയുണ്ട്. ഇതിനകം തന്നെ സംസ്ഥാനത്തെ വരുമാനത്തെ ഇത് ഗണ്യമായി ബാധിക്കുകയുണ്ടായി. ഹൃദയഭേദകമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി. അവശത, വൈകി ലഭിച്ച മെഡിക്കല്‍ സഹായം, നിസ്സഹായത എന്നീ കാരണങ്ങളാല്‍ ആത്മഹത്യകള്‍ ഉള്‍പ്പെടെ ഏകദേശം 200 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."