ഭിന്നലിംഗക്കാര്‍ക്കെതിരേയും ട്രംപിന്റെ നീക്കം
വാഷിങ്ടണ്‍: ഭിന്നലിംഗ വിദ്യാര്‍ഥികളുടെ അവകാശവുമായി ബന്ധപ്പെട്ട് ഒബാമാ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങള്‍ ട്രംപ് ഭരണകൂടം റദ്ദാക്കി. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതുള്‍പ്പെടേയുള്ള ചരിത്രപരമായ ഉത്തരവാണ് ട്രംപ് നിര്‍ത്തലാക്കിയത്.
ഓരോ സംസ്ഥാനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവരുടെ തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരമുണ്ടെന്നും ഇതില്‍ ഫെഡറല്‍തലത്തിലുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും പറഞ്ഞാണ് ട്രംപ് നിര്‍ദേശം റദ്ദാക്കിയത്. ഇതില്‍ നിയമപ്രശ്‌നങ്ങളടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ, നീതിന്യായ വകുപ്പ് വിശദമായി പരിശോധിക്കും.
ട്രംപിന്റെ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈറ്റ്ഹൗസിനു മുന്‍പില്‍ നൂറുകണക്കിനു പ്രതിഷേധക്കാര്‍ സംഘടിച്ച് ഭിന്നലിംഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭിന്നലിംഗ നിയമവിദഗ്ധര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചു. അതേസമയം, ഒബാമയുടെ ഉത്തരവിനെതിരേ നിയമയുദ്ധം നടത്തിയ ടെക്‌സാസ് അറ്റോണി ജനറല്‍ കെന്‍ പാക്‌സ്ടണ്‍ നടപടിയെ അഭിനന്ദിച്ചു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം മെയില്‍ ഒബാമാ സര്‍ക്കാര്‍ ഉത്തരവിറക്കിയ നിര്‍ദേശങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഭിന്നലിംഗ വിദ്യാര്‍ഥികളെ അവര്‍ക്ക് ഇഷ്ടമുള്ള ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് അമേരിക്കയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒബാമാ സര്‍ക്കാര്‍ ഉത്തരവു നല്‍കിയത്. ഇതു നടപ്പാക്കാത്ത സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഒബാമാ ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച ഉത്തരവിനെ സാമൂഹികാവകാശ പോരാട്ടത്തിന്റെ വിജയമെന്നാണ് അമേരിക്കയിലെ ഭിന്നലിംഗ സംഘടനകള്‍ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."