കോളനിയിലെ വീട് നിര്‍മാണം: പരാതി അപകീര്‍ത്തിപ്പെടുത്താനാണെന്ന് ബി.ജെ.പി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ ഭവന പദ്ധതികളില്‍ ക്രമക്കേട് വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന് പ്രതികാരമായി തങ്ങളുടെ പ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചാലിയാര്‍ പഞ്ചായത്ത് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെണ്ണേക്കോട്, അമ്പുമല കോളനികളില്‍ നിലവില്‍ വീടു നിര്‍മിച്ചു നല്‍കിയത് വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ഇതിനു പരിഹാരമായി വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ശ്രമം നടത്തിയ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊലിസില്‍ വ്യാജ പരാതി നല്‍കുകയാണ് നിലവില്‍ കോളനികളില്‍ വീടു നിര്‍മിച്ചു നല്‍കുന്നവര്‍ ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. ഐ.ടി.ഡി.പി അനുവദിക്കുന്ന തുക ഉപയോഗിച്ച് വീടു നിര്‍മിച്ചു നല്‍കുമ്പോള്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തുന്നത്.
ഇത് കരാറുകാരന് ലഭിക്കാനായി പാസ് ബുക്ക് വാങ്ങിവയ്ക്കാറുണ്ട്. ഇതു മാത്രമാണ് വെണ്ണേക്കോട് കോളനിയില്‍ ചാത്തന്റെ വീടു നിര്‍മാണത്തിലും നടന്നത്.
എന്നാല്‍ ചാത്തന് മദ്യം നല്‍കി എസ്‌സി,എസ്ടി മോര്‍ച്ചാ നേതാവിനെതിരെ വ്യാജ പരാതി പൊലിസില്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാസ് ബുക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ പറയുന്നതുപോലെ മറ്റു രേഖകളൊന്നും വാങ്ങിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.രതീഷ്, സി.എം.അനില്‍, ടി.മനോജ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."