വിമാനത്താവളത്തിനു സമീപത്തായി പുതിയ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു
മംഗളൂരു: ബജ്‌പെ വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചു കമ്മിഷന്‍ ചെയ്ത റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നു നാലു കിലോമിറ്റര്‍ ദൂരത്തില്‍ ജോക്കട്ടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ പാലക്കാട് ഡിവിഷനു കീഴില്‍ ആരംഭിക്കുന്ന ദക്ഷിണ റെയില്‍വേയുടെ 95 ാമതു സ്റ്റേഷനാണ്.
മലബാറിലെയും ദക്ഷിണ കര്‍ണാടക, ഉഡുപ്പി ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഈ സ്റ്റേഷന്‍ ഏറെ ആശ്വാസമാകും. അതോടൊപ്പം മംഗളൂരു ജങ്ഷന്‍ സ്റ്റേഷനിലെ തിരക്കൊഴിവാക്കാനും പനമ്പൂരില്‍ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കാനും ഇതു വഴിയൊരുക്കും. 24 കോച്ചുകളെ ഉള്‍ക്കൊള്ളിക്കാനാവുന്ന വിധം രണ്ട് പ്ലാറ്റ്‌ഫോമുകളാണ് ജോക്കട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇരു പ്ലാറ്റ്‌ഫോമുകളെയും പ്രധാന കെട്ടിടത്തിലേക്കു ബന്ധിപ്പിക്കുന്നതിന് അടിപ്പാതയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പ്ലാറ്റ്‌ഫോമും കാത്തിരിപ്പ് കേന്ദ്രവും ബുക്കിങ് ഓഫിസും മികവോടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
കെ.എച്ച് മുനിയപ്പ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണു പദ്ധതി ആരംഭിച്ചത്. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു. 50 കോടി ചെലവിലാണ് സ്റ്റേഷനും അനുബന്ധമായിട്ടുള്ള പാതയും പൂര്‍ത്തീകരിച്ചത്. പനമ്പൂരുമായി ബന്ധിപ്പിക്കുന്ന 3.4 കി.മി പാതയും ഇതില്‍പെടും.
പേജാവര്‍ മഠത്തിനു സമീപത്താണു സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നവര്‍ക്കും ഈ റെയില്‍വേ സ്റ്റേഷന്‍ ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."