സുധീരനെതിരേ എ ഗ്രൂപ്പ് നീക്കം ശക്തം
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരായ നീക്കം എ ഗ്രൂപ്പ് ശക്തമാക്കി. മുന്‍ മന്ത്രി കെ. ബാബു ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ സുധീരന്‍ നീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ തെളിവു സഹിതം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണിവര്‍.
ബാബു മന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സുധീരന്‍ രഹസ്യ സംഘത്തെ നിയോഗിച്ചുവെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ബാബു ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം കത്തിപ്പടരുന്ന ഘട്ടത്തിലാണ് സുധീരന്‍ രഹസ്യ സംഘത്തെ നിയോഗിച്ചതെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. കോഴപ്പണം ഏതെല്ലാം തരത്തില്‍ ചെലവഴിക്കുന്നുവെന്ന് അന്വഷിച്ച് തെളിവുകള്‍ ശേഖരിക്കുകയായിരുന്നുവത്രെ ഈ സംഘത്തിന്റെ ദൗത്യം. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ നേതാവിനായിരുന്നു ഇതിന്റെ ചുമതല. ജില്ലയിലെ ചില പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസിന്റെ സര്‍വിസ് സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്റെ ചില നേതാക്കളും ഉള്‍പ്പെടുന്നതായിരുന്നു അന്വേഷണ സംഘമെന്നും അവര്‍ പറയുന്നു. ഈ സംഘം ചില വിവരങ്ങള്‍ ശേഖരിച്ച് സുധീരനു കൈമാറിയതായി എ ഗ്രൂപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ ചില വിവാദങ്ങളുണ്ടായാല്‍ പാര്‍ട്ടിതല അന്വേഷണം നടക്കാറുണ്ട്. അത് സംസ്ഥാന നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടിയുടെ അംഗീകാരത്തോടെ നടത്തുകയാണു പതിവ്. മുതിര്‍ന്ന നേതാക്കളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. എന്നാല്‍ പാര്‍ട്ടി അറിയാതെ രഹസ്യമായി അന്വേഷണസംഘത്തെ നിയോഗിക്കുന്നത് തികഞ്ഞ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് എ ഗ്രൂപ്പിന്റെ വാദം. കെ.പി.സി.സി പ്രസിഡന്റു തന്നെ ഇങ്ങനെ സംഘടനാവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അതിനാല്‍ സുധീരനെ ഇനിയും ഈ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നുമുള്ള വാദമായിരിക്കും ഇവര്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ ഉന്നയിക്കുക. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരുള്‍പ്പെടെ ചില പ്രമുഖരെ വീണ്ടും മത്സരിപ്പിക്കുന്നതിനെ സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തം മൂലം സുധീരന്റെ എതിര്‍പ്പ് ഫലിച്ചില്ല. ഇതിലുള്ള പ്രതിഷേധം കാരണം അവരെ തോല്‍പ്പിക്കാന്‍ സുധീരന്‍ രഹസ്യനീക്കം നടത്തിയെന്ന് എ ഗ്രൂപ്പ് നേരത്തേതന്നെ ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതിനു ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ചില പ്രാദേശിക നേതാക്കളുടെ ലിസ്റ്റ് എ ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് തെളിവുകള്‍ സഹിതം ഹൈക്കമാന്‍ഡിനു കൈമാറാനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് നേതൃത്വം.
അതിനിടെ, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കുറച്ചുകാലം കൂടി സുധീരനെ കെ.പി.സി.സി പദവിയില്‍ ഇരുത്തുകയും പിന്നീട് സമവായത്തിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുകയുമെന്ന ഫോര്‍മുലയായിരിക്കും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സുധീരനെ ഉടന്‍ മാറ്റാതെ ഒരു സമവായത്തിനുമില്ലെന്ന നിലപാടായിരിക്കും എ ഗ്രൂപ്പ് സ്വീകരിക്കുകയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."