പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യൂ.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പെരുവഴിയിലാവുന്നു. പേരാമ്പ്ര ഗവ:യു.പി സ്‌കൂളിന് ഇ.എ.എസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തില്‍ നിലവില്‍ ബി.ആര്‍.സി ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏ.ഇ.ഒ ഓഫിസ് സ്‌കൂളിലെ ബില്‍ഡിങ്ങിലേക്ക് മാറ്റുകയായിരുന്നു. അടുത്തിടെ എ.ഇ.ഒ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയപ്പോള്‍ ഒഴിഞ്ഞു കിടന്ന മുറിയില്‍ ക്ലാസ് നടത്താന്‍ പ്രധാനാധ്യാപകന്‍ തീരുമാനിച്ചതോടെയുണ്ടായ പ്രശ്‌നങ്ങളാണ് ക്ലാസ് മുടങ്ങുന്നതിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.
സ്‌കൂളില്‍ പഠന സൗകര്യത്തിന് പത്ത് ക്ലാസ് മുറികള്‍ ആവശ്യമാണ്. എന്നാല്‍ സ്റ്റേജ് ഉള്‍പ്പെടെ എട്ട് മുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. സ്‌കൂളിന്റെ മുകളിലെ ഷീറ്റിട്ട ഒരു മുറിയും, സ്റ്റേജിനുള്ളിലെ മുറിയും, അരിയും പല വ്യജ്ഞനങ്ങളും സൂക്ഷിക്കുന്ന മുറിയും ഉപയോഗിച്ചാണ് പഠനം തുടരുന്നത്. ഷീറ്റിട്ട മുറിയില്‍ കുട്ടികള്‍ക്ക് അസഹനീയ ചൂടും ഒപ്പം ഷീറ്റിന്റെ ചൂടും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
എന്നാല്‍ പ്രധാന അധ്യാപകന്റെ തീരുമാനത്തിനെതിരേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.സി സതിയും മെമ്പര്‍ വി.കെ സുനീഷും പേരില്‍ തട്ടിക്കയറി. ഒപ്പം എഇ.ഒ, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കി.
ഈ സാഹചര്യത്തില്‍ പ്രധാനാധ്യാപകന്‍ അവധിയില്‍ പ്രവേശിക്കേണ്ട സ്ഥിതി വന്നു. നേരത്തെയുള്ള ഏ.ഇ ഒ. ഓഫിസില്‍ ക്ലാസ് നടത്തുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അനുമതി നിഷേധിക്കുക കൂടി ചെയ്തതോടെ ഈ ക്ലാസില്‍ അധ്യാപകനെ ഒഴിവാക്കേണ്ട സ്ഥിതിയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് തങ്ങളുടെ അധീനതയില്‍പ്പെട്ട കെട്ടിടമാണെന്ന് അവകാശപ്പെട്ട് വാശി പിടിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തില്‍ ക്ലാസ് നടത്താന്‍ സ്‌കൂളധികൃതര്‍ക്ക് അധികാരമുണ്ടെന്ന് പ്രധാനധ്യാപകനും പറയുന്നു.
എന്നാല്‍ ഈ ക്ലാസില്‍ പഠിപ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് ക്ലാസിലും പഠിപ്പിക്കേണ്ടെന്ന് രക്ഷിതാക്കളും പി.ടി എയും തീരുമാനിച്ചു. സ്‌കൂളില്‍ ഇന്നലെ രക്ഷിതാക്കള്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉച്ചഭക്ഷണം നല്‍കി കുട്ടികളെ വിട്ടയക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും വൈകീട്ട് ഏഴ് മണിക്കും പി.ടി.എ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നത് ഇതിനിടെ പ്രധാനാധ്യാപകനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പൂട്ടുകള്‍ പൊട്ടിച്ചതായും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
സ്‌കൂളിന്റെ കളിസ്ഥലം പോലും നഷ്ടപ്പെടുത്തി നിര്‍മിച്ച കെട്ടിടം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ വികസന സമിതിയും രക്ഷിതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫലത്തില്‍ പൊതുവിദ്യാലയത്തെ തകര്‍ത്ത് എയിഡഡ് സ്‌കൂളിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പൊതു വിദ്യാലയത്തെ സംരക്ഷിക്കാനുള്ള സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വലിയ തോതിലുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും നടക്കുമ്പോഴാണ് ഈ വിദ്യാലയത്തിന് ഇത്തരം ദുരവസ്ഥയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."