ഹോം നഴ്സ് ചമഞ്ഞ് മോഷണം: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോം നഴ്സായി ജോലി ചെയ്ത് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ അബ്ദുല്ലക്കുഞ്ഞി എന്ന ഷിബിനെയാണ് (39) നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ്ഹിലിലെ ശ്രീറോഷ് അപാര്ട്മെന്റില് നിന്നും പണം കവര്‍ന്നതിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്റെ രോഗിയായ സഹോദരനെ പരിചരിക്കാന്‍ ഹോം നഴ്സിങ് ഏജന്‍സി മുഖേന എത്തിയ ഷിബിന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് വീട്ടുകാരുടെ വിശ്വസ്തനായി മാറുകയായിരുന്നു.
വീട്ടില്‍ പരാതിക്കാരന്റെ അനുജന് മാത്രമുള്ളപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങുകയായിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് മനസിലായെങ്കിലും ഹോം നഴ്സിങ് സ്ഥാപനത്തില്‍ നല്കിയ വിലാസം വ്യാജമായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി.
ബാംഗ്ലൂര്‍ കെ.ആര് പുരത്തെ ഒരു വീട്ടില്‍ നിന്നു 2.10 ലക്ഷം രൂപയും ഒരുപവന് സ്വര്‍ണമോതിരവും മോഷ്ടിച്ചിട്ടുണ്ട്. തട്ടിപ്പിനു ശേഷം ഫോണ്‍ നമ്പരും താമസ സ്ഥലവും മാറ്റുന്ന പ്രതി നാട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. പയ്യോളിയിലെ ഒരുവീട്ടില്‍ നിന്നു ആറായിരം രൂപയും സ്വര്‍ണമോതിരവും തട്ടിയെടുത്തിരുന്നു. കൂടാതെ എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ സമാനമായ കേസുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
നീലേശ്വരത്ത് പ്രതിയെ കണ്ടതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ താമസ സ്ഥലം കണ്ടെത്താനായത്. ഇവിടെ വച്ച് ഇന്നലെ പുലര്‍ച്ചയോടെ നടക്കാവ് എസ്.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ അനില്‍കുമാര്‍, വേണു ഗോപാലന്, സീനിയര്‍ സി.പി.ഒ സുധീഷ്, സി.പി.ഒ ഗിരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."