അണ്ടര്‍19 ലോകകപ്പ്, ഇന്ത്യക്ക് ഗംഭീര ജയം
ബ്ലൂംഫോണ്ടെ(ദക്ഷിണാഫ്രിക്ക): ജപ്പാന്‍ ദുര്‍ബലരാണെങ്കിലും അണ്ടര്‍ 19 ലോകകപ്പില്‍ അവര്‍ക്കെതിരേ ഇത്ര പെട്ടെന്ന് കളി കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
വെറും 41 റണ്‍സിനല്ലേ അവരുടെ കഥ കഴിച്ചത്. ക്രീസില്‍ 23 ഓവര്‍ പിടിച്ചു നിന്നാണ് ടീം ഇത്രയും ടോട്ടല്‍ കണ്ടെത്തിയതെന്നത് മറ്റൊരത്ഭുതം. നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ കളിക്കുന്ന ടീമിന് ചേസ് ചെയ്യാനുള്ള അനായാസ ലക്ഷ്യം. ആ ലക്ഷ്യം ഇന്ത്യ മറികടന്നതാവട്ടെ, വെറും 4.5 ഓവറില്‍. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. തന്റെ ജന്‍മദിനം ആഘോഷിക്കാനാണ് ജപ്പാനെ ഇത്രയും സ്‌കോര്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയതെന്നാണ് മത്സരശേഷം വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാന്‍ ധ്രുവ് ഷുറെയുടെ വിശദീകരണം.
ജയത്തോടെ ഇന്ത്യ പ്ലേഓഫ് സാധ്യത ഏറെക്കുറേ ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് കളികളില്‍നിന്ന് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണവര്‍. ആദ്യ മത്സരത്തില്‍ ടീം ശ്രീലങ്കയെ 90 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലം തൊടിക്കാതെ പവലിയനിലേക്ക് പറഞ്ഞയച്ചു കൊണ്ടേയിരുന്നു. ജപ്പാനായി ഇറങ്ങിയവരില്‍ ഒരു താരത്തിനു പോലും രണ്ടക്കം കണ്ടെത്താനായില്ല. ഏഴ് റണ്‍സ് വീതമെടുത്ത കെന്റെ ഡോബലും ഷു നുഗോഷിയുമാണ് ജപ്പാന്റെ ടോപ് സ്‌കോറര്‍മാര്‍.
എട്ട് ഓവറില്‍ മൂന്നു മെയ്ഡനടക്കം അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌നോയിയാണ് ജപ്പാനെ നാണം കെടുത്തിയത്. താരം തന്നെയാണ് കളിയിലെ കേമനും. കാര്‍ത്തിക് ത്യാഗി മൂന്നും ആകാശ് സിങ് രണ്ടും വിദ്യാദര്‍ പാട്ടില്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ബാറ്റുവീശി ജയം അനായാസമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കുമാര്‍ കുഷാഗ്രയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ വിജയം സ്വന്തമാക്കി.
18 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം 29 റണ്‍സാണ് ജയ്‌സ്വാളിന്റെ സംഭാവന. കുഷാഗ്ര (11 പന്തില്‍ 13) ജയ്‌സ്വാളിന് പിന്തുണ നല്‍കി. 24ന് ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അവസാന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."