കാറ്റാടി യന്ത്രത്തിന് പിന്നാലെ തളിക്കുളത്തെ ജലസംഭരണിയും ഇല്ലാതാകുന്നു
വാടാനപ്പള്ളി: പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ഓര്‍മപ്പെടുത്തലായി തളിക്കുളത്ത് തലയെടുപ്പോടെ അവശേഷിച്ചിരുന്ന ജല സംഭരണി ഇനി ഓര്‍മയാകുന്നു.അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം പമ്പ് ചെയ്തിരുന്ന ദേശീയ പാതയോരത്തെ വാട്ടര്‍ ടാങ്കാണ് ഇല്ലാതാകുന്നത്. വാട്ടര്‍ അതോറിറ്റി തന്നെയാണ് ജല സംഭരണി പൊളിച്ചുനീക്കുന്നത്. പൊതുപണിമുടക്ക് ദിനമായിരുന്ന ഇന്നലെ രാവിലെ ടാങ്ക് പൊളിച്ചുമാറ്റലിനു തുടക്കം കുറിച്ചു. ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന കാറ്റാടി യന്ത്രവും പമ്പ് ഹൗസും ജല സംഭരണിയും തീരദേശത്ത് കൗതുക കാഴ്ചയായിരുന്നു.നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെയുള്ള നാട്ടിക ഫര്‍ക്ക ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചതോടെ തളിക്കുളത്തെ ഗ്രാമീണ കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി നിര്‍ത്തലാക്കുകയായിരുന്നു. എങ്കിലും കാറ്റാടി യന്ത്രം കൗതുകം പകര്‍ന്ന് നിലനിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കാറ്റാടി യന്ത്രം വാട്ടര്‍ അതോറിറ്റി തന്നെ നീക്കം ചെയ്തു. പഴയ തലമുറയ്ക്ക് ഇതെല്ലാം നേര് സാക്ഷ്യമാണെങ്കിലും തളിക്കുളത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായി നിലനിന്നിരുന്ന വാട്ടര്‍ ടാങ്കും ഇല്ലാതാവുകയാണ്. ഇനിയുള്ളത് കടുത്ത വേനലിലും വറ്റാത്ത അവിടത്തെ കിണര്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."