കാമുകിയെ കൊലപ്പെടുത്തി മുങ്ങിയ യുവാവ് പിടിയില്‍
കാസര്‍കോട്: വാടക വീട്ടില്‍ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ ചാല റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന കര്‍ണാടക കദക് ജില്ലയിലെ സരസ്വതി എന്ന സരസു (28) വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കര്‍ണാടക ബെല്‍ഗാം മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന കാസാബഗിയിലെ ചന്ദ്രു രമേശ് (32)നെയാണ് കാസര്‍കോട് എ.എസ്.പി ഡി. ശില്‍പ്പയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രി തീര്‍ത്ഥഹള്ളിയിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17ന് രാത്രി സരസ്വതിയെ കൊലപ്പെടുത്തിയശേഷം 18ന് രാവിലെ വാടക ക്വാര്‍ട്ടേഴ്‌സ് അടച്ച് ചന്ദ്രു മുങ്ങുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം കദക് ജില്ലയിലെ സുഹൃത്തിനെ ചന്ദ്രു ബന്ധപ്പെട്ടിരുന്നു.
ഇയാളുടെ ഫോണിലേക്ക് ചന്ദ്രു മറ്റൊരാളുടെ ഫോണില്‍ നിന്ന് ബന്ധപ്പെട്ടത് കണ്ടെത്തിയാണ് തീര്‍ത്ഥഹള്ളിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. സരസ്വതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ചന്ദ്രുവും സരസ്വതിയും ഇതേ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു.
കഴിഞ്ഞ മാസം 17ന് വൈകുന്നേരം ഇരുവരും ഒന്നിച്ച് മദ്യപിച്ചതിന് ശേഷം ഇരുവരും ഇതേ ചൊല്ലി വഴക്കുണ്ടായി. രാത്രിയില്‍ വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ചന്ദ്രു സരസ്വതിയെ തലയ്ക്കടിക്കുകയും വാരിയില്‍ ചവിട്ടുകയും ചെയ്തു. തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് സരസ്വതി മരണപ്പെട്ടത്. സംഭവത്തിന് ശേഷം വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിപോയ ചന്ദ്രു പിറ്റേന്ന് രാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് സരസുവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ചുമരില്‍ പതിഞ്ഞ രക്തക്കറകള്‍ തുടച്ച് മാറ്റിയ ശേഷം സമീപത്തുള്ള വ്യാപാരിയില്‍നിന്ന് 1500 രൂപ വാങ്ങി പ്രതി നാടുവിടുകയായിരുന്നു.
പിന്നീട് കദകിലെ സുഹൃത്തിന്റെ വീട്ടിലും മറ്റുമായി താമസിച്ച ശേഷം തീര്‍ത്ഥഹള്ളിയിലേക്ക് പോയി. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് മക്കളെ ഉപേക്ഷിച്ചാണ് കാമുകനായ ചന്ദ്രുവിനൊപ്പം സരസ്വതി കാസര്‍കോടെത്തിയത്. രണ്ടു വര്‍ഷമായി ഇവര്‍ കാസര്‍കോട്ട് താമസിച്ച് വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."