കൊച്ചി - കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി; ഒരുമുഴം മുന്‍പേ എറിഞ്ഞ് കേരളത്തിന്റെ കുതിപ്പ്
കൊച്ചി: കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് വ്യാവസായിക ഇടനാഴി വികസിപ്പിക്കുന്നതില്‍ തമിഴ്‌നാടിനെ പിന്നിലാക്കി കേരളം. ഇതുമായി ബന്ധപ്പെട്ട കരട് ഷെയര്‍ ഹോള്‍ഡേഴ്‌സ് എഗ്രിമെന്റ് മന്ത്രിസഭ അംഗീകരിച്ചതോടെയാണ് കേരളം കുതിപ്പ് അറിയിച്ചത്. തമിഴ്‌നാട് ആവട്ടെ ഫെബ്രുവരിയോടെ മാത്രമേ എഗ്രിമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കൂ. കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയില്‍ വികസിപ്പിക്കുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ (ഐ.എം.സി) ഒന്ന് പാലക്കാട് കേന്ദ്രീകരിച്ചാണ്. മറ്റൊന്ന് സേലത്താണ്.
ബംഗളൂരു-ചെന്നൈ വ്യവസായ ഇടനാഴിയാണ് തമിഴ്‌നാടിന്റെ കടുംപിടിത്തത്തിലൂടെ കോയമ്പത്തൂരിലെത്തിക്കാനായത്. കേരളത്തെ ഒഴിവാക്കിയുള്ള പദ്ധതിക്കെതിരേ സംസ്ഥാനം പരാതി ഉന്നയിക്കുകയും ശക്തമായ സമ്മര്‍ദത്തിലൂടെ കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് വഴി കൊച്ചിയിലേക്ക് പദ്ധതി ദീര്‍ഘിപ്പിക്കാന്‍ നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (നിക്ഡിറ്റ്) അനുമതി നേടിയെടുക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണ് പാലക്കാട്-കൊച്ചി ഹൈടെക് ഇടനാഴി വികസിപ്പിക്കാന്‍ ഇപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
കൊച്ചി-സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റര്‍ നീളത്തിലാണ് സംയോജിത നിര്‍മാണ ക്ലസ്റ്റര്‍. ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി, പരമ്പരാഗത വ്യവസായം എന്നിവ ഉള്‍പ്പെടുന്ന ക്ലസ്റ്ററാണ് കേരളഭാഗത്ത് വികസിപ്പിക്കപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് പതിനായിരം കോടി നിക്ഷേപവും പതിനായിരം പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുറമുഖ സാധ്യത കൊച്ചിക്ക് നേട്ടമാകുമെന്നതിനാല്‍ വ്യവസായിക ഇടനാഴിക്ക് പുറത്തും വികസനമുണ്ടാവും.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വിദേശ നിക്ഷേപം നേടാന്‍ കേന്ദ്രം ആവിഷ്‌കരിച്ച സ്‌പെഷല്‍ ഇക്കണോമിക് സോണിന്റെ അടുത്ത ഘട്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഐ.എം.സിക്ക് 2000-5000 ഏക്കര്‍ വേണമെന്നിരിക്കേ കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ ഭൂമി 1800 ഏക്കറായി കുറച്ചിരുന്നു. പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശേരി എന്നിവിടങ്ങളിലായി ഭൂമി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഒരുഭാഗം ഇപ്പോള്‍ത്തന്നെ കിന്‍ഫ്രയുടെ കൈവശമുണ്ട്.
ബാക്കി ഉടന്‍ ഏറ്റെടുക്കും. സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിക്കായിരിക്കും (എസ്.പി.വി) പദ്ധതിയുടെ നിയന്ത്രണം. സംസ്ഥാനത്തിന്റെ മുടക്ക് ഭൂമി നല്‍കുന്നതില്‍ മാത്രമാണ്. ഇത് വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 870 കോടി രൂപ മുടക്കും.
ചെന്നൈ-ബംഗളൂരു-ചിത്രദുര്‍ഗ എന്നിവയെ ബന്ധിപ്പിച്ച് 560 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വ്യവസായ കോറിഡോറായിരുന്നു കേന്ദ്രം വിവക്ഷിച്ചിരുന്നത്. ഇതിന്റെ ആനുകൂല്യം കൊച്ചി വരെ നീളുമ്പോള്‍ ചുവപ്പുനാടയില്ലാതിരിക്കാനുള്ള പച്ചക്കൊടിയായാണ് മന്ത്രിസഭയുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."