ഗവര്‍ണര്‍ക്കെതിരേ സ്പീക്കറും സി.പി.എമ്മും: നിലപാട് മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ നേര്‍വഴിക്ക് നടത്തിക്കുമെന്ന ഭീഷണിയുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സര്‍ക്കാരുമായി കൊമ്പു കോര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരേ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം എം.വി ഗോവിന്ദനും.
നിലപാട് മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ നേര്‍വഴിക്ക് നടത്തുമെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ ജനകീയ പോരാട്ടങ്ങളിലൂടെ നേര്‍വഴിക്ക് നടത്താന്‍ തങ്ങള്‍ക്കാകുമെന്നു മാത്രം ഇപ്പോള്‍ പറയുന്നുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആര്‍.എസ.്എസിന്റെ ചട്ടുകമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ രാജ്യവ്യാപകമായി പത്രസമ്മേളനം നടത്തി. തരംതാണ നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാട് ഗവര്‍ണര്‍ മാറ്റണം.
ശരിയായ ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ ശക്തമായ പോരാട്ടത്തിലൂടെ നിങ്ങളെയും ഞങ്ങള്‍ക്ക് നേര്‍വഴിക്ക് നടത്താനാവും. അദ്ദേഹം പറഞ്ഞു.
അതേ സമയം ഭരണഘടന അനുസരിച്ച് ചട്ടം ലംഘിക്കുന്നത് ഗവര്‍ണറാണെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അധ്യക്ഷനായ സ്പീക്കറെയാണ് അറിയിക്കേണ്ടത്. നിയമസഭ പാസാക്കിയ പ്രമേയത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ പാലിക്കേണ്ട ചട്ടം ആദ്യം അത് നിയമസഭ അധ്യക്ഷനെ അറിയിക്കുക എന്നതാണ്. ചട്ടലംഘനം നടത്തിയത് വിനയത്തോടുകൂടി പറയട്ടെ, ചട്ടലംഘനത്തെക്കുറിച്ച് എപ്പോഴും പറയുന്ന ഗവര്‍ണറാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം ഉണ്ടെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."