ഡല്‍ഹിയില്‍ ഇന്ത്യാ-പാക് മത്സരം?
ന്യൂഡല്‍ഹി: ഫെബ്രുവരി എട്ടിനു നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യാ-പാകിസ്താന്‍ മത്സരമെന്നു വിശേഷിപ്പിച്ച് ബി.ജെ.പി നേതാവ്. ഡല്‍ഹിയിലെ മുന്‍ ആംആദ്മി മന്ത്രിയും ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്രയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഫെബ്രുവരി എട്ടിനു ഡല്‍ഹി തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുമെന്നാണ് കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചത്. ബി.ജെ.പിയെ ഇന്ത്യയോടും പ്രതിപക്ഷത്തെ പാകിസ്താനോടും ഉപമച്ചാണ് ട്വീറ്റെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍നിന്നാണ് കപില്‍ ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്നത്. മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വലംകൈയായിരുന്ന കപില്‍ പിന്നീട് കെജ്‌രിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചാണ് പാര്‍ട്ടി വിട്ടത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ തെരുവുകളില്‍ വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളടക്കം നടത്തുന്ന സമരങ്ങളെ പരാമര്‍ശിച്ച അദ്ദേഹം, അത്തരം സമരങ്ങളിലൂടെ ഡല്‍ഹി ഒരു മിനി പാകിസ്താനായെന്നും ആരോപിച്ചിരുന്നു. പാകിസ്താനെ പിന്തുണയ്ക്കുന്ന പ്രതിഷേധങ്ങളാണ് ഡല്‍ഹിയുടെ തെരുവുകളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷഹീന്‍ബാഗില്‍ തുടരുന്ന സമരത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി വിട്ടയുടനെ ഇദ്ദേഹം ആംആദ്മി പാര്‍ട്ടിക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ഇദ്ദേഹം ഓഗസ്റ്റിലാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.
'സംസ്ഥാനങ്ങള്‍ക്ക് പൗരത്വ നിയമം
നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല'
കൊല്‍ക്കത്ത: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം സംസ്ഥാനങ്ങള്‍ക്കു നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിയമത്തിനെതിരേ കേരളമടക്കം പാസാക്കിയ നിയമസഭാ പ്രമേയങ്ങള്‍ 'രാഷ്ട്രീയ നീക്കങ്ങള്‍' മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ല, അതു നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, സി.എ.എക്കു മുന്നോടിയായി ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും നടപ്പിലാക്കില്ലെന്നു തീരുമാനിക്കാന്‍ അവര്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍നിന്ന് സ്റ്റേ ലഭിക്കാത്തത് പൗരത്വ പ്രതിഷേധങ്ങളെ നിര്‍വീര്യമാക്കേണ്ട ആവശ്യമില്ലെന്നും കേസ് വിശാല ഭരണഘടനാ ബെഞ്ചിനു വിടുന്നതു സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വിവാദ നിയമം നിര്‍ത്തലാക്കണമെങ്കില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്നുകില്‍ സുപ്രിം കോടതി നിയമം ഭരണഘടനാപരമായി അസാധുവാണെന്ന് പ്രഖ്യാപിക്കണം. അല്ലെങ്കില്‍ സ്വയം റദ്ദ് ചെയ്യണം. ബി.ജെ.പി തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറയാന്‍ തയാറാകാത്തതുകൊണ്ടു രണ്ടാമത്തേത് സംഭവിക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കമല്‍നാഥ് പ്രചാരണത്തിനെത്തിയാല്‍
കോളറിനു പിടിച്ചു പുറത്താക്കും'
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പ്രചാരണത്തിനിറങ്ങുന്ന കോണ്‍ഗ്രസ് സ്റ്റാര്‍ കാംപയിനര്‍മാരുടെ ലിസ്റ്റില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അകാലിദള്‍ നേതാവും ഡല്‍ഹി ഗുരുദ്വാരാ മാനേജ്‌മെന്റ് അധ്യക്ഷനുമായ മജീന്ദര്‍ സിങ് സിര്‍സ. നഗരത്തിലെ ഏതെങ്കിലും തെരഞ്ഞെടുപ്പ് റാലിയെ കമല്‍നാഥ് അഭിസംബോധന ചെയ്താല്‍ കോളറിനു പിടിച്ചു പുറത്താക്കുമെന്നാണ് മജീന്ദര്‍ സിങ്ങിന്റെ ഭീഷണി.
കമല്‍നാഥ് തെരഞ്ഞടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കലാപത്തില്‍ കമല്‍നാഥിനുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ആരോപിച്ച സിര്‍സ, സിഖുകാരെ കൊന്നവരെ മന്ത്രിയാക്കിയും ടിക്കറ്റ് കൊടുത്തും േ്രപാത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസെന്ന് ആരോപിക്കുകയും ചെയ്തു. ഇന്നലെയാണ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മന്‍മോഹന്‍ സിങ്, നവജ്യോത് സിങ് സിദ്ധു തുടങ്ങിയവരാണ് ആദ്യഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങുന്നത്.
അവര്‍ക്കുള്ള യഥാര്‍ഥ 'ചികിത്സ'
തനിക്കറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍
മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര രംഗത്തുള്ള ജാമിഅ, ജെ.എന്‍.യു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. ജാമിഅ, ജെ.എന്‍.യു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യഥാര്‍ഥ ചികിത്സ എന്താണെന്നു തനിക്കറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ളവര്‍ക്കായി പത്തു ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുകയാണ് ഇതിനു പ്രതിവിധിയെന്നും മന്ത്രി പറഞ്ഞു. 'ഞാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോട് അഭ്യര്‍ഥിക്കുകയാണ്. ജെ.എന്‍.യുവിലും ജാമിഅയിലും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ ഒരേയൊരു ചികിത്സയേയുള്ളൂ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ളവര്‍ക്കായി 10 ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തുക. എല്ലാവര്‍ക്കും ചികിത്സ ലഭിക്കും, വേറൊന്നും ആവശ്യമായി വരികയുമില്ല'- മന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കു പേരുകേട്ടയിടമാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്.
സഞ്ജീവ് ബല്യാന്‍ നേരത്തെയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിലെ അക്രമങ്ങളില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടത് ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."