പണിമുടക്ക് ദിവസങ്ങളില്‍ ശുചീകരണം നടത്തി ഓട്ടോ ഡ്രൈവര്‍ മാതൃകയായി
എടച്ചേരി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാട്ടിലെ ഏതാണ്ട് എല്ലാ ജോലിക്കാരും പണിമുടക്കിലായിരുന്നു. എന്നാല്‍ ഇരിങ്ങണ്ണൂരിലെ ഓട്ടോ ഡ്രൈവറായ സമീഷ് എന്ന ചെറുപ്പക്കാരന്‍ ഇതില്‍ നിന്നും വ്യത്യസ്തനായി. കച്ചവടക്കാരും, ഡ്രൈവര്‍മാരായ സുഹൃത്തുക്കളില്‍ പലരും പണിമുടക്കി വീട്ടിലിരുന്നപ്പോള്‍ സമീഷ് റോട്ടിലിറങ്ങി ജോലി തുടങ്ങി.
തന്റെ സ്ഥിരം ജോലിയായ ഓട്ടോ ഓട്ടലായിരുന്നില്ല കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ജോലി. തന്റെ ഓട്ടോ ഉരുളേണ്ട ഇരിങ്ങണ്ണൂര്‍ അങ്ങാടിയിലെ റോഡ് നിശ്ചിത അളവ് ദൂരത്തില്‍ വൃത്തിയാക്കാനുള്ള ശ്രമകരമായ ജോലിയില്‍ ഒറ്റയ്ക്ക് തന്നെ മുഴുകിയിരിക്കയായിരുന്നു കഴിഞ്ഞ രണ്ടു പണിമുടക്കു ദിനങ്ങളിലും ഈ ചെറുപ്പക്കാരന്‍.
റോഡ് ശുചീകരണത്തിനിടെ ടൗണിലും പരിസരത്തുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സമീഷ് മടി കാണിച്ചില്ല. പണിമുടക്ക് ദിനങ്ങളില്‍ ഇങ്ങനെയൊരു മാതൃകാ പ്രവര്‍ത്തനം ഇയാള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു. അതനുസരിച്ച് സുഹുത്തുക്കളായ ടൗണിലെ മറ്റു ഓട്ടോക്കാരോടും വരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പണിമുടക്കിന്റെ ആദ്യ ദിവസം കാലത്ത് ചൂലും, കൂട്ടയും മറ്റു പണി ആയുധങ്ങളുമായി സമീഷ് ഇരിങ്ങണ്ണൂര്‍ ടൗണിലെത്തിയെങ്കിലും കൂട്ടുകാരില്‍ ആരെയും കണ്ടില്ല. തെല്ല് നിരാശ തോന്നിയെങ്കിലും മടങ്ങിപ്പോവാന്‍ തയാറാവാതെ സമീഷ് തന്റെ ജോലി തുടങ്ങി. ആദ്യ ദിവസം പകല്‍ മുഴുവന്‍ ജോലി തുടര്‍ന്ന സമീഷ് രണ്ടാം ദിവസമായ ഇന്നലെയും വൈകുന്നേരം വരെ തന്റെ ഒറ്റയാള്‍ ജോലി തുടരുകയായിരുന്നു.
ഇരിങ്ങണ്ണൂരിനടുത്ത കച്ചേരിയിലെ കുയിമ്പില്‍ മീത്തല്‍ കൃഷ്ണന്റെയും വസന്തയുടെയും മകനാണ് സമീഷ്. രണ്ടു ദിവസം സ്റ്റേയറിങിന് പകരം ചൂലു പിടിച്ചപ്പോള്‍ ഇരിങ്ങണ്ണൂര്‍ അങ്ങാടിയും പരിസരവും വൃത്തിയായതിന്റെ സന്തോഷത്തിലാണ് യുവചേതന കലാകായിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ സമീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."