കൗമാരം കരുത്ത് തെളിയിച്ചു; കേരളത്തിന്റെ ഓട്ടവും ചാട്ടവും പിഴച്ചില്ല
വഡോദര: രാജ്യത്തെ കൗമാരം നിറഞ്ഞാടിയ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് കൊടിയിറങ്ങി. മൂന്നായി വിഭജിച്ച മീറ്റിലും പതിവ് തെറ്റിക്കാതെ കേരളം വീണ്ടും കിരീടം ചൂടി. തുടര്‍ച്ചയായ 18 ാമത്തെ കിരീടം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മെഡലുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. മെഡലുകളുടെ കണക്കിലെ കളിയില്‍ പിന്നാക്കം പോയെങ്കിലും ട്രാക്കിലും ജമ്പിനിങ്ങളിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ മിന്നിത്തിളങ്ങി. 12 സ്വര്‍ണം അഞ്ച് വെള്ളി ഏഴു വെങ്കലം ഉള്‍പ്പെടെ 24 മെഡലുകള്‍ കേരളത്തിന്റെ ബാസ്‌ക്കറ്റില്‍ ഇത്തവണ എത്തി. കഴിഞ്ഞ മീറ്റില്‍ സ്വര്‍ണം മാത്രം 17 എണ്ണം ഉണ്ടായിരുന്നു.സംസ്ഥാന മീറ്റിന് ശേഷം മത്സരം നീണ്ടു പോയത് തിരിച്ചടിയുടെ പ്രധാന കാരണമായി.
ട്രാക്കിലെ കേരളം
സി അഭിനവും സി ചാന്ദ്‌നിയും അപര്‍ണ റോയിയും തന്നെയാണ് മീറ്റിലെ മിന്നുന്ന താരങ്ങളായത്. കാലങ്ങള്‍ക്ക് ശേഷം സ്പ്രിന്റ് ട്രാക്കില്‍ കേരളത്തിന്റെ യശസ് തിരിച്ചു വന്നു. 100, 200 മീറ്ററിന്റെ ട്രാക്കില്‍ തിരുവനന്തപുരം സായിയിലെ അഭിനവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഭാവിയുടെ താരമെന്ന് തെളിയിച്ചു തന്നെയാണ് അഭിനവ് ട്രാക്ക് വിട്ടത്. ദീര്‍ഘദൂര ട്രാക്കിലെ സി ചാന്ദിനിയുടെ പ്രകടനം പാലക്കാടിന്റെ പെരുമ നിലനിര്‍ത്തുന്നതായി. 3000 മീറ്ററിലും 1500 മീറ്ററിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി തന്നെയാണ് ചാന്ദ്‌നിയുടെ സുവര്‍ണ നേട്ടം. നടത്തത്തിലെ കൊച്ചു താരം സാന്ദ്ര സുരേന്ദ്രനും ഭാവിയുടെ പ്രതീക്ഷയെന്ന് തെളിയിച്ചു.
ഉയരങ്ങളിലെ കുതിപ്പ്,
പിന്തുണയ്ക്കാന്‍ പരിശീലകരില്ല
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലെ ആകാശ് എം. വര്‍ഗീസിന്റെ പ്രകടനവും മികച്ചതായി. ട്രിപ്പിള്‍ ജംപിലെ സ്വര്‍ണ നേട്ടത്തിന് പിന്നില്‍ കഠിനാധ്വാനം തന്നെയാണ് ആകാശ് നടത്തിയത്. മൂന്ന് ചാട്ടത്തിന് ശേഷം 4-100 റിലേയില്‍ രണ്ടാം ലാപ്പില്‍ ഓടി സ്വര്‍ണം നേടിയാണ് വീണ്ടും ജംപിങ് പിറ്റിലേക്ക് എത്തിയത്. അപ്രതീക്ഷിത നേട്ടം തന്നെയാണ് ആകാശ് കേരളത്തിന് സമ്മാനിച്ചത്.
പെണ്‍കുട്ടികളുടെ ട്രിപ്പില്‍ജംപിലെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്. മെറിന്‍ ബിജുവും സാന്ദ്ര ബാബുവും ഭാവിയുടെ താരങ്ങള്‍ തന്നെ. മരിയ ജെയ്‌സണ്‍ വഴി മാറിയപ്പോള്‍ പുതിയ പ്രതീക്ഷകള്‍ നല്‍കി പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനവുമായി ഉന്നതങ്ങളിലേക്ക് പറക്കുന്ന നിവ്യ ആന്റണി ഭാവിയുടെ താരമെന്ന് തെളിയിച്ചാണ് മടങ്ങിയത്.
ഇങ്ങനെ എത്രകാലം ഓടും
സകലകലാവല്ലഭയാകാന്‍ കൊതിക്കുന്ന കേരളത്തിന്റെ നായിക അപര്‍ണ റോയി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഒരു ഇനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ട്രാക്കിലും ജംപിലും ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കുന്ന അപര്‍ണയുടെ ഭാവി എന്തെന്ന് തീരുമാനിക്കേണ്ടത് പരിശീലകനാണ്.
ട്രാക്കിലോ ജംപിലോ അതോ ഫുട്‌ബോളിലോ അപര്‍ണയുടെ ഭാവി. പരിശീലകനില്‍ എല്ലാം കാണുന്ന അപര്‍ണയ്ക്ക് ട്രാക്കോ ജംപോ എന്ന് തീരുമാനിക്കേണ്ടതും വഴി തിരിച്ചു വിടേണ്ടതും പരിശീലകന്‍ തന്നെയാണ്. സ്പ്രിന്റ് ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനമാണ് അപര്‍ണ കാഴ്ചവച്ചത്.
ഇന്ത്യയുടെ ഭാവി
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും എത്തിയ ആദിവാസി പെണ്‍കൊടി തായി ബമാനെ ദീര്‍ഘദൂര ട്രാക്കില്‍ രാജ്യത്തിന്റെ വരദാനമെന്ന് തെളിയിച്ചാണ് മടങ്ങിയത്. 400, 800 മീറ്ററുകളില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
തായിയുടെ പ്രകടനത്തിന് ഒപ്പം വരുന്ന ഒരു കായിക താരവും മഞ്ജല്‍പൂര്‍ മീറ്റില്‍ ഉണ്ടായിരുന്നില്ല. കര്‍ണാടകയുടെ ജോസ്‌ന മംഗള്‍വായി സ്പ്രിന്റിലെ രാജകുമാരിയെന്ന് ഓടിത്തെളിയിച്ചു. 100, 200 മീറ്ററുകളില്‍ ജോസ്‌നയെ വെല്ലുവിളിക്കാന്‍ ആരുമുണ്ടായില്ല.
നാണക്കേടിന്റെ സംഘാടനം
മൂന്നായി വിഭജിച്ച് സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ട ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ പിടിപ്പുകേടിന്റെ പര്യായമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചാണ് മീറ്റിന് കൊടിയിറങ്ങിയത്. മത്സരനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും എന്നു വേണ്ട എല്ലാകാര്യങ്ങളിലും എസ്.ജി.എഫ്.ഐ സമ്പൂര്‍ണ പരാജയമായി.
എല്ലാവരും വാനോളം പുകഴ്ത്തുന്ന ഗുജറാത്തിലെ കായിക സംഘാടകരും ശുദ്ധപരാജയമായി. ഇങ്ങനെ പോയാല്‍ ദേശീയ സ്‌കൂള്‍ കായിക മേളയുടെ ഭാവി എന്തെന്ന് കാത്തിരിരുന്ന് കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."