വിരമിച്ചയാള്‍ക്ക് എം.ഡി തസ്തികയില്‍ 1.12 ലക്ഷം ശമ്പളത്തോടെ പുനര്‍നിയമനം
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ക്രമക്കേട് തുടരുന്നു. സംസ്ഥാനത്തെ കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ തസ്തികകളിലെ നിയമനങ്ങള്‍ പ്രൊഫഷണല്‍ സെലക്ഷന്‍ ബോര്‍ഡ് മുഖാന്തിരമായിരിക്കണമെന്ന് 2018 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പത്ര പരസ്യം, പ്രൊഫഷണല്‍ സെലക്ഷന്‍ ബോര്‍ഡ് ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് എം.ഡി, സി.ഇ.ഒ തസ്തികയില്‍ നിയമനം നടത്തേണ്ടത്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ 2019 നവംബര്‍ 21 ന് എം.ഡി തസ്തികയില്‍ നിയമിച്ച കെ.എ.മുഹമ്മദ് നൗഷാദ്, ഓള്‍ ഇന്ത്യ സര്‍വിസില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് തസ്തികയില്‍നിന്നും വിരമിച്ചയാളാണ്.
2019 ഏപ്രില്‍ 30 ന് വിരമിച്ച ഇദ്ദേഹത്തിന് പുനര്‍നിയമനം നല്‍കിയിരിക്കുന്നത് മാസം 1,12,000 രൂപ ശമ്പളത്തിനാണ്. പുറമെ സര്‍ക്കാര്‍ ഡി.എയും 1,12,000 രൂപ പെന്‍ഷനും ലഭിക്കുന്നുണ്ട്. എം.ഡിക്ക് ഇതിനു പുറമെ യാത്രാ ബത്ത, ഫോണ്‍ അലവന്‍സ്, കാര്‍ എന്നിവയും കോര്‍പറേഷന്‍ നല്‍കുന്നുണ്ട്. കേവലം പൊതുമേഖലയില്‍ 8 മാസം മാത്രം സര്‍വിസുള്ള വ്യക്തിക്ക് നിയമനം സ്ഥിരപ്പെടുന്നതിനു മുമ്പ് തന്നെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തിയതും വലിയ വിവാദമായിരുന്നു.
മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് ജി.എമ്മിന്റെ ശമ്പളവും. ഈ രണ്ടു നിയമനങ്ങളും വലിയ സാമ്പത്തിക ബാധ്യതയാണ് കോര്‍പറേഷനു വന്നിട്ടുള്ളത്. ഇപ്പോള്‍ ചട്ടം ലംഘിച്ച് എഴു തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനും വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
കോര്‍പ്പറേഷനില്‍ വായ്പ നല്‍കിയത് തിരിച്ചടയക്കാത്തതായി 1861 പേരുണ്ട്. കോര്‍പ്പറേഷന്റെ കോഴിക്കോട് ഹെഡ് ഓഫിസില്‍നിന്നു വായ്പ നല്‍കിയതില്‍ തിരിച്ചടവ് നടത്താതെ വീഴ്ച വരുത്തിയത് 716 പേര്‍. കാസര്‍കോട് ബ്രാഞ്ചില്‍നിന്ന് 104 പേര്‍, പെരിന്തല്‍മണ്ണ മലപ്പുറം എന്നിവടങ്ങളില്‍നിന്ന് 469 പേര്‍, എറണാകുളം 282 പേര്‍, തിരുവനന്തപുരം 290 പേര്‍ എന്നിങ്ങനെയാണ് തിരിച്ചടവില്‍ വീഴ്ച വരുത്തിയിരിക്കുന്നവരുടെ കണക്ക്. ഇവിടെ മൂന്ന് വര്‍ഷമായി എ.ജി. ഓഡിറ്റിംഗ് നടന്നിട്ടില്ല. ഇതു വ്യാപക ക്രമക്കേടിനും അഴിമതി വര്‍ധിക്കാനും കാരണമായിട്ടുണ്ടെന്ന് ആരോപണമുണ്ട്.
20 കോടി രൂപയോളം സ്വകാര്യ ബാങ്കിലടക്കം സ്ഥിര നിക്ഷേപം നടത്തി മദ്‌റസാ അധ്യാപകര്‍ക്കുള്ള പലിശ രഹിത വായ്പ വകമാറ്റിയതും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."