ഇടനിലക്കാരന്റെ വീട്ടുപടിക്കല്‍ ഇരകളുടെ കുത്തിയിരിപ്പു സമരം
ബാലുശ്ശേരി: വീടും സ്ഥലവും ഈട് നല്‍കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് അതില്‍ നിന്നു വന്‍ തുക കൈപ്പറ്റിയ ഇടനിലക്കാരന്റെ വീട്ടില്‍ ഇരകളുടെ കുത്തിയിരിപ്പു സമരം തുടരുന്നു. സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം പഞ്ചായത്തിലെ വെസ്റ്റ് ഇയ്യാട് ചാത്തോത്ത് സദാനന്ദന്റെ വീട്ടുപടിക്കലാണ് തട്ടിപ്പിനിരയായവര്‍ കുടുംബസമേതം കുത്തിയിരിപ്പു സമരം ആരംഭിച്ചത്.
ആവശ്യക്കാര്‍ക്ക് ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തിക്കൊടുത്ത് അതില്‍ നിന്നും ഇടപാടുകാരെ തെറ്റിധരിപ്പിച്ച് ലക്ഷങ്ങള്‍ തിരിമറി നടത്തി തിരിച്ചുകൊടുക്കാതെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് സമരം ഇടനിലക്കാരന്റെ വീട്ടുപടിക്കലെത്തിയത്.
വ്യാഴാഴ്ചയാണ് നാലു കുടുംബങ്ങള്‍ സമരത്തിനെത്തിയത്. പ്രശ്‌നത്തിന് പരിഹാരമാകുന്നതുവരെ സമരം തുടരുമെന്നാണ് ഇരകളുടെ തീരുമാനം. പാത്രങ്ങള്‍, കിടക്ക തുടങ്ങിയ സാധന സാമഗ്രികളുമായാണ് ഇവര്‍ സമരത്തിനെത്തിയത്.സമര വിവരം അറിഞ്ഞ് ഇന്നലെ കൂടുതല്‍ ഇരകള്‍ സമരത്തിനെത്തി.
സര്‍വകക്ഷി തീരുമാനമനുസരിച്ച് ഇന്നലെ വൈകിട്ട് ഏഴിന് ഒത്തുതീര്‍പ്പ് ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും സദാനന്ദന്‍ എത്താത്തിതിനെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും അപ്രത്യക്ഷനായ സദാനന്ദന്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനാല്‍ പൊലിസില്‍ പരാതി നല്‍കാനാണ് സര്‍വകക്ഷി തീരുമാനം. തട്ടിപ്പിന്റെ പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് അറിയുന്നത്. കോടികളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."