പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി നടന്ന തൊഴിലാളി പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കെ.എസ്.ആര്.ടി.സി പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തു.
പൊതുപണിമുടക്ക് ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും തുറന്നിട്ടില്ല. നഗരത്തില്‍ ആളുകള്‍ കുറവായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പൊലിസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളായിരുന്നു ആശ്രയം.
വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. പാല്, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വിസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സെക്രട്ടേറിയറ്റിനും സമീപം എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം നടന്നു. പൊലിസ് നോക്കി നില്‍ക്കെയാണ് സംഭവങ്ങള്‍ നടന്നത്. അക്രമത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സെക്രട്ടേറിയറ്റില്‍ 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. ചാല, പാളയം തുടങ്ങി പ്രധാന കമ്പോളങ്ങളിലും തിരക്ക് കുറവായിരുന്നു. സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വേണാട്, ശബരി എക്സ് പ്രസുകള്‍ തടഞ്ഞവരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി. തമ്പാനൂരില്‍ സര്‍വിസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയത്. സമരാനുകൂലികളെ പൊലിസ് എത്തിയാണ് പിരിച്ചുവിട്ടത്. റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും എത്തിയ വിദേശികളും സ്വദേശികളുമായ യാത്രക്കാര്‍ ഏറെ വലഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തിലാണു 48 മണിക്കൂര്‍ പണിമുടക്ക് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."