പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം: 'ഗോത്രബന്ധു' പദ്ധതി അടുത്ത അധ്യയനം മുതല്‍
കല്‍പ്പറ്റ: വിദ്യാലയങ്ങളില്‍ നിന്നുള്ള ഗോത്ര വര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ആവിഷ്‌കരിച്ച 'ഗോത്രബന്ധു' പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പിന്നോക്ക പട്ടികവര്‍ഗ വിഭാഗങ്ങളായ അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പട്ടികവര്‍ഗ അധ്യാപകരെ നിയമിക്കാനൊരുങ്ങുകയാണ് ഐ.റ്റി.ഡി.പി.
ആശയ വിനിമയത്തിനുള്ള സങ്കോചമാണ് ഭൂരിഭാഗം ഗോത്രവിദ്യാര്‍ഥികളെയും കൊഴിഞ്ഞുപോക്കിന് പ്രേരിപ്പിക്കുന്നതെന്ന് വയനാട് ഡയറ്റ് സ്റ്റെപ്പ് (സോഷ്യല്‍ ടുഗോതര്‍നെസ് ഫോര്‍ എന്‍ഷ്വറിങ് പാര്‍ട്ടിസിപ്പേഷന്‍) എന്ന പേരില്‍ ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
2016 പാദവര്‍ഷത്തില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ കൊഴിഞ്ഞുപോയതായും കണ്ടെത്തിയിരുന്നു. തങ്ങളുടെ ഭാഷ സംസാരിക്കുന്ന അധ്യാപകരുണ്ടെങ്കില്‍ ഗോത്രവിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുമെന്നും പരിഹാര നിര്‍ദേശമായി പഠനം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പട്ടിക വര്‍ഗ അധ്യപകരെ നിയോഗിക്കുന്നത്.
ജില്ലയില്‍ പ്രൈമറി തലത്തിലുള്ള 241 പൊതുവിദ്യാലയങ്ങളാണുള്ളത്. ഓരോ സ്‌കൂളിലും ഒരോ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം വിഭാവനം ചെയ്യുന്ന ഗോത്രബന്ധു പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ വകയിരിത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."