ഒ. രാജഗോപാലിന് ഉഗ്രശാസന: ഗവര്‍ണറോട് ജാഗ്രത പാലിക്കാന്‍ കേന്ദ്രം
പാലക്കാട് : പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരില്‍ കൂടുതല്‍ ജാഗ്രത കാണിക്കാന്‍ ഗവര്‍ണറോടും, കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന ഉഗ്രശാസന ഒ.രാജഗോപാല്‍ എം.എല്‍.എയോടും കേന്ദ്രസര്‍ക്കാരില്‍നിന്നും ബി.ജെ.പി നേതൃത്വത്തില്‍നിന്നും ഉണ്ടായതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുപ്രഭാതത്തോട് വെളിപ്പെടുത്തി.
പൗരത്വ നിയമത്തില്‍ തുടങ്ങിവച്ച, സര്‍ക്കാരുമായുള്ള യുദ്ധത്തിനൊടുവില്‍ മുഖ്യമന്ത്രിയുമായും മറ്റാരെങ്കിലുമായും ചര്‍ച്ചയാകാമെന്ന് പാലക്കാട് സ്വകാര്യചടങ്ങിനെത്തിയ ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
സര്‍ക്കാരുമായുള്ള പോരിനൊടുവില്‍ ഗവര്‍ണര്‍ കീഴടങ്ങുന്നുവെന്ന ചിന്ത സാധാരണക്കാര്‍ക്കുപോലും ഉണ്ടാക്കുമെന്നും മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നുമാണ് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്.
വിവാദവിഷയങ്ങളില്‍ നല്ലപോലെ ആലോചിച്ചശേഷമേ നിലപാട് വ്യക്തമാക്കാവൂ. ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടിയാലോചനകള്‍ ആവശ്യമെങ്കില്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യണം. പിന്നീട് ആ നിലപാടില്‍നിന്നു പുറകോട്ടുപോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പിടിച്ചുവച്ചിരിക്കുന്നത് കേന്ദ്രനിര്‍ദേശത്തിന്റെ ഭാഗമാണ്.
ഇതു നിയമസഭ ചേര്‍ന്ന് ബില്ലായി അവതരിപ്പിച്ചാലും ഗവര്‍ണര്‍ക്കുമുന്നിലെത്തുമ്പോള്‍ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പിടിച്ചുവയ്ക്കാനും നിര്‍ദേശമുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തേയും മുഖത്തടിക്കുന്ന പ്രസ്താവനയാണ് കേരളത്തിലെ ഏക ബി.ജെ.പി എം.എല്‍.എ കൂടിയായ ഒ.രാജഗോപാല്‍ നടത്തിയതെന്ന് ദേശീയ നേതാക്കള്‍ രാജഗോപാലിനെ അറിയിച്ചു.
കടുത്ത അച്ചടക്കലംഘനമാണ് രാജഗോപാല്‍ നടത്തിയതെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ഉഗ്രശാസനയും രാജഗോപാലിന് നല്‍കി. പൗരത്വബില്ലിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കുമ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടിയിരുന്ന രാജഗോപാല്‍ മൗനം പാലിച്ചതിലൂടെ ഗുരുതരമായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ദേശീയ നേതൃത്വം രാജഗോപാലിനെ അറിയിച്ചു.
രാജഗോപാല്‍ വോട്ടടെടുപ്പില്‍ വിട്ടുനിന്നതോടെ പൗരത്വനിയമത്തില്‍ ബി.ജെ.പിയില്‍ പോലും അഭിപ്രായ ഐക്യം ഇല്ലെന്ന തരത്തില്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കി. അതേസമയം കേന്ദ്രം കണ്ണുരുട്ടിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജാഗ്രതയോടെയാണ് ഇന്നലെ മാധ്യമങ്ങളെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."