മുംബൈയില്‍ ആകാമെങ്കില്‍ കേരളത്തിലും ആയിക്കൂടേ
.
കൊച്ചി: മുംബൈയുടെ ചുവടുപിടിച്ച് കേരളത്തിലും നൈറ്റ് ഷോപ്പിങ് ചര്‍ച്ചകള്‍ തുടങ്ങി. ഇതുസംബന്ധിച്ച് ഉന്നതതല യോഗം നടന്നതായും ഈ യോഗത്തില്‍ മുഖ്യമന്ത്രി നൈറ്റ് ഷോപ്പിങ് എന്ന നിര്‍ദേശം വച്ചതായുമാണ് അറിയുന്നത്.
വലിയ മാറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഈ ഷോപ്പിങ് പദ്ധതിയെക്കുറിച്ച് വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ അവസാന തീരുമാനം സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് ഒഴിയുകയാണ്. മുംബൈയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാത്രികാല ഷോപ്പിങ് അനുവദിച്ച് 24 മണിക്കൂറും കടകള്‍ തുറന്നുവയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നടപ്പാകുമ്പോള്‍ അതിന്റെ ചെറിയ പതിപ്പായി സംസ്ഥാനത്തും പദ്ധതി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
തുടക്കം കൊച്ചിയില്‍
നൈറ്റ് ഷോപ്പിങ്ങിന്റെ ചെറിയ പതിപ്പിനായി സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ കൊച്ചി ഒരുങ്ങുകയാണ്. അവധിക്കാല നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ എന്ന പുതിയ തീം അടിസ്ഥാനമാക്കിയാണ് ഒരുക്കം.
ഇതിന്റെ വിജയം സംസ്ഥാനത്ത് അവധിക്കാല ഷോപ്പിങും രാത്രികാല ഷോപ്പിങ്ങും വ്യാപകമാക്കുന്നതിലേക്കെത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കൊച്ചിയിലെ വ്യാപാര സമൂഹം വലിയ ആഹ്ലാദത്തിലാണ്. പൊതുവേ മടുപ്പ് അനുഭവപ്പെടുന്ന വ്യാപാര മേഖലയില്‍ ഉണര്‍വ് പകരാന്‍ അവധിക്കാല, രാത്രി ഷോപ്പിങ്ങുകള്‍ ഉപകരിക്കുമെന്ന പ്രത്യാശയിലാണ് വ്യാപാര സമൂഹം.
നഗരം ഇതുവരെ കാണാത്ത നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് എറണാകുളം ജില്ലാഭരണകൂടം ഒരുങ്ങുന്നത്.
കെ.എം.ആര്‍.എല്ലിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയുള്ള പരിപാടിയുടെ നേതൃത്വം ജില്ലാ കലക്ടര്‍ക്കാണ്.
നൈറ്റ് ഷോപ്പിങ് ഏപ്രില്‍ മാസത്തില്‍ നടത്താനാണ് പ്രാരംഭ ചര്‍ച്ചയില്‍ തീരുമാനിച്ചത്.
സ്ട്രീറ്റ് ഫുഡ്, ഫുഡ് ബാന്‍ഡ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും ഫെസ്റ്റിവലിന്റ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോളില്‍ അധിഷ്ഠിതമായിരിക്കും ആഘോഷം. പൊതുജനങ്ങളില്‍നിന്ന് കൂടി അഭിപ്രായം സ്വീകരിച്ചായിരിക്കും ലോഗോയും ഫെസ്റ്റിവലിന്റെ പേരും തീരുമാനിക്കുക.
ഇതിന്റെ വിജയം സംസ്ഥാനവ്യാപകമായ രാത്രികാല ഷോപ്പിങ് ഉത്സവത്തിലേക്കുള്ള ചുവടുവയ്പാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വനിതകളുടെ രാത്രി നടത്തത്തില്‍ സംസ്ഥാനത്ത് പ്രമുഖ കേന്ദ്രങ്ങളില്‍ വന്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു.
ഇവിടങ്ങളില്‍ പൊലിസ് സ്വീകരിച്ച സുരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാത്രികാല ഷോപ്പിങ്ങിലും സുരക്ഷ ഒരുക്കുക.
ആദ്യഘട്ടത്തില്‍ പ്രമുഖ നഗരങ്ങളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആലോചിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."